എലപ്പുള്ളി മദ്യനിർമാണ പ്ലാന്റ്; ചർച്ച വേണമെന്ന് ആർജെഡി, മുന്നണി യോഗം ഉടനെന്ന് എൽഡിഎഫ് കൺവീനർ

Mail This Article
തിരുവനന്തപുരം∙ പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ മദ്യനിർമാണ പ്ലാന്റിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ അടിയന്തരമായി മുന്നണി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ആർജെഡി ഇടതുമുന്നണിക്ക് കത്ത് നൽകി. മുന്നണി യോഗം ഉടൻ ചേരാമെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ ആർജെഡിയെ അറിയിച്ചു. സിപിഎം ജില്ലാ സമ്മേളനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണു യോഗം നടക്കാത്തതെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് യോഗ തീയതി തീരുമാനിക്കുമെന്നും ടി.പി.രാമകൃഷ്ണൻ നേരത്തേ പറഞ്ഞിരുന്നു. യോഗം ചേരുമ്പോൾ ബ്രൂവറി വിഷയത്തിലെ എതിർപ്പ് സിപിഐയും ആർജെഡിയും ശക്തമായി ഉന്നയിച്ചേക്കും.
ബ്രൂവറി അനുമതിക്കെതിരെ പ്രതിപക്ഷം തെളിവു സഹിതം ഉയർത്തുന്ന ആരോപണങ്ങൾക്കൊപ്പം എൽഡിഎഫിലെ ഘടകകക്ഷികളും എതിർപ്പ് പരസ്യമാക്കിയതോടെ സിപിഎം പ്രതിരോധത്തിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കാർമികത്വം വഹിക്കുന്ന സിപിഎം ജില്ലാ സമ്മേളനങ്ങളിൽ ഇതു സംബന്ധിച്ച് കാര്യമായ വിമർശനം ഉയരുന്നില്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു കടക്കുന്ന ഘട്ടത്തിൽ ഘടകകക്ഷികളെ പൂർണമായി അവഗണിച്ച് മുന്നോട്ടുപോകാൻ പാർട്ടിക്കാകില്ല.
പുതിയ മദ്യനയത്തിലെ ഇളവിന്റെ അടിസ്ഥാനത്തിലാണു മദ്യനിർമാണശാലയ്ക്ക് അനുമതി നൽകിയതെന്നാണു സിപിഎം നിലപാട്. എന്നാൽ ഇതുവരെ പരസ്യപ്പെടുത്താത്ത ആ മദ്യ നയത്തിന്റെ പേരിൽ ഇത്തരം ഒരു തീരുമാനമെടുത്തത് മുന്നണിയിൽ ചർച്ച ചെയ്യാതെയാണെന്ന് ആർജെഡി പറഞ്ഞിരുന്നു. തങ്ങളും സിപിഎമ്മും പിന്തുണ നൽകിയ പ്ലാച്ചിമടയിലെ കൊക്കകോള വിരുദ്ധ സമരം ഓർമിപ്പിച്ചുകൊണ്ടാണ് മദ്യനിർമാണ പ്ലാന്റിനെതിരായ എതിർപ്പും ആർജെഡി പരസ്യമാക്കുന്നത്. എൽഡിഎഫ് ചർച്ച ചെയ്യും വരെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനം നിർത്തിവയ്ക്കണമെന്നും അവർ ആവശ്യപ്പെടുന്നു.