സാങ്കേതിക സർവകലാശാല റജിസ്ട്രാറുടെയും പരീക്ഷാ കൺട്രോളറുടെയും പുനർനിയമനം; സർക്കാർ നിർദേശം തള്ളി വിസി

Mail This Article
തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാല റജിസ്ട്രാർ ഡോ.എ.പ്രവീണിനും പരീക്ഷാ കൺട്രോളർ ഡോ.അനന്ത രശ്മിക്കും പുനർനിയമനം നൽകണമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം വൈസ് ചാൻസലർ ഡോ.കെ.ശിവപ്രസാദ് അംഗീകരിച്ചില്ല. സർക്കാർ നിർദേശം നിയമപരമായി നടപ്പാക്കാൻ കഴിയില്ലെന്നു വിസി വകുപ്പിനെ അറിയിക്കാൻ ഉത്തരവിട്ടു. പരീക്ഷാ കൺട്രോളറുടെ കാലാവധി ജനുവരി 24നും റജിസ്ട്രാറിന്റേത് ഇന്നും അവസാനിച്ചു. ജോയിന്റ് റജിസ്ട്രാർക്കും ഡീനിനും ചുമതലകൾ കൈമാറാനും വിസി ഉത്തരവിട്ടിട്ടുണ്ട്.
സർവകലാശാല ആവശ്യപ്പെടുകയാണെങ്കിൽ സർക്കാർ അനുമതിയോടെ ഒരു തവണ പുനർനിയമനം നൽകാൻ സർവകലാശാല നിയമത്തിൽ വ്യവസ്ഥയുണ്ട്. കഴിഞ്ഞ 16ന് ചേർന്ന സിൻഡിക്കേറ്റ് യോഗം വിസി പിരിച്ചുവിട്ട ശേഷം സിൻഡിക്കേറ്റ് അംഗങ്ങൾ യോഗം ചേർന്ന് പരീക്ഷ കൺട്രോളർക്കും റജിസ്ട്രാർക്കും പുനർനിയമനം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നു. എന്നാൽ അനധികൃത സിൻഡിക്കേറ്റ് യോഗ തീരുമാനങ്ങൾ വിസി റദ്ദാക്കി. വിസിയുടെ ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടർന്ന് റജിസ്ട്രാർക്കും പരീക്ഷ കൺട്രോളർക്കും പുനർ നിയമനം നൽകണമെന്ന റദ്ദാക്കിയ സിൻഡിക്കേറ്റിന്റെ തീരുമാനം വിസിയുടെ അനുമതി കൂടാതെ റജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ അറിയിയിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ രണ്ടുപേർക്കും പുനർനിയമനത്തിനുള്ള അനുമതി നൽകിയത്.