കോഴിക്കോട് ബസ് അപകടം, ആനയുടെ കുത്തേറ്റ് ഒരു മരണം, ഐ.സി.ബാലകൃഷ്ണനെ കരിങ്കൊടി കാട്ടി– ഇന്നത്തെ പ്രധാന വാർത്തകൾ

Mail This Article
പതിവുപോലെ നിരവധി വാർത്തകളാൽ നിറഞ്ഞ ദിനമായിരുന്നു ഇന്നും. കോഴിക്കോട് അരയിടത്തുപാലത്തു ബസ് മറിഞ്ഞു, ഐസി ബാലകൃഷ്ണനു നേരെ കരിങ്കൊടി, ഗൺമാന് മർദനം, കോഴിക്കോട് ഹോട്ടലിൽ പീഡന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടി, തൃശൂർ എളവള്ളിയിൽ ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു തുടങ്ങിയവയാണ് അവയിൽ ചിലത്. വാർത്തകൾ വിശദമായി നോക്കാം.
എളവള്ളിയിൽ ഇടഞ്ഞ ആന ഒരാളെ കുത്തിക്കൊന്നു. ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണു മരിച്ചത്. പാപ്പാനും ആനയുടെ കുത്തേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിലയും ഗുരുതരമാണ്. ചിറ്റാട്ടുകര പൈങ്കണ്ണിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ചിറ്റിലപ്പള്ളി ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്.ഉത്സവത്തിനു കച്ചവടത്തിനു വന്നയാളാണ് ആനന്ദ്. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആന ആദ്യം പാപ്പാനെയും പിന്നീടു വഴിയിൽ കണ്ട ആനന്ദിനെയും കുത്തുകയായിരുന്നു.
അരയിടത്തുപാലത്തു സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് മെഡിക്കൽ കോളജ് റൂട്ടിൽ ഓടുന്ന ബസാണു മറിഞ്ഞത്. പുതിയ സ്റ്റാന്റിൽനിന്നു 4.10ന് മാവൂർ കൂളിമാടിലേക്ക് പോകുകയായിരുന്ന ലിയാഖത് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.അരയിടത്തുപാലം മേൽപ്പാലം കയറുമ്പോൾ ബൈക്കിൽ ഇടിച്ചു ബസ് മറിയുകയായിരുന്നു. അമ്പതോളം പേർക്കു പരുക്കേറ്റു. ഇതിൽ ഏഴുപേർ വിദ്യാർഥികളാണ്. 41 പേർ സ്വകാര്യ ആശുപത്രിയിലും 9 പേർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
ഐ.സി.ബാലകൃഷ്ണൻ എംഎൽഎയെ കരിങ്കൊടി കാണിച്ച് സിപിഎം പ്രവർത്തകർ. കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ എംഎൽഎയുടെ ഗൺമാൻ സുദേശനു മർദനമേറ്റു. താളൂര്‍ ചിറയില്‍ സ്വാശ്രയസംഘത്തിന്റെ മീന്‍കൃഷി വിളവെടുപ്പിന് എത്തിയപ്പോഴായിരുന്നു സംഭവം. മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ എംഎൽഎയെ തടയുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്.
മുക്കത്തു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. യുവതി ഫോണിൽ വിഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് പീഡന ശ്രമമുണ്ടായത്. ക്യമാറ ഓൺ ആയിരുന്നതിനാൽ വിഡിയോ റെക്കോർഡായി. യുവതി ഉച്ചത്തിൽ ബഹളമുണ്ടാക്കി പീഡനം തടയാൻ ശ്രമിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.
കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും കടന്നാക്രമിച്ച് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ദാരിദ്ര്യം ഇല്ലാതാക്കാനും വികസനം കൊണ്ടുവരാനും കോൺഗ്രസിനു കഴിഞ്ഞില്ലെന്നും ശരിയായ വികസനമെത്തിച്ചതു തങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിൽ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിജെപി സർക്കാരിന്റെ പത്തുവർഷത്തെ ഭരണത്തിൽ രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു പുറത്തെത്തിക്കാനായെന്നു പ്രധാനമന്ത്രി പറഞ്ഞു.