ഡൽഹിയിൽ ഭരണമാറ്റം?; എഎപിക്ക് തിരിച്ചടി പ്രവചിച്ച് എക്സിറ്റ് പോളുകൾ, നേട്ടമുണ്ടാക്കാതെ കോൺഗ്രസ്

Mail This Article
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ, ഭരണത്തിലിരിക്കുന്ന ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയേൽക്കുമെന്നാണ് പ്രവചനങ്ങൾ. എക്സിറ്റ് പോൾ ഫലങ്ങളിൽ 2 എണ്ണം മാത്രമേ ആം ആദ്മി പാർട്ടിക്ക് മുൻതൂക്കം പ്രവചിക്കുന്നുള്ളൂ. 2 എക്സിറ്റ് പോളുകൾ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുമ്പോൾ ബാക്കിയെല്ലാം ബിജെപിക്ക് വ്യക്തമായ ലീഡ് നിലയാണ് പറയുന്നത്. മദ്യനയ അഴിമതി മുതൽ യമുനയിലെ വിഷജല പരാമർശം വരെ ചർച്ചയായ തലസ്ഥാനത്ത് ആം ആദ്മി പാർട്ടിക്കും കേജ്‌രിവാളിനും കാലിടറുമെന്നാണ് പ്രവചനം.
മദ്യനയ അഴിമതി കേസും കേജ്‌രിവാളിന്റെ അറസ്റ്റും ആം ആദ്മി പാർട്ടിയുടെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചതാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ടത്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ജയിലിൽ നിന്നെത്തിയ മുഖ്യമന്ത്രി കേജ്‌രിവാളിനെ മുൻനിർത്തിയായിരുന്നു പ്രചാരണമെങ്കിലും അതൊന്നും അന്ന് എഎപിക്ക് അനുകൂലമായില്ല. അതിഷിെ മുഖ്യമന്ത്രിയാക്കി എഎപി നടത്തിയ പരീക്ഷണം ഇത്തവണ ജനങ്ങൾ തള്ളിയെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. അതു കൃത്യമാണോ എന്നറിയാൻ ശനിയാഴ്ച വരെ കാത്തിരിക്കണം.

ഹരിയാനയോട് ചേർന്നു കിടക്കുന്ന ഔട്ടർ ഡൽഹി കേന്ദ്രീകരിച്ചായിരുന്നു ഇത്തവണ ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണം. അഴിമതി വിരുദ്ധത പറഞ്ഞ് അധികാരത്തിലെത്തിയ എഎപി രാജ്യം കണ്ട ഏറ്റവും വലിയ മദ്യനയ അഴിമതിക്കു നേതൃത്വം നൽകിയെന്ന രീതിയിലായിരുന്നു ബിജെപിയുടെ പ്രചാരണം. എക്സിറ്റ് പോൾ സത്യമായാൽ, ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാൻ ബിജെപിക്കു കഴിഞ്ഞുവെന്നു കരുതാം. എഎപിക്ക് അനുകൂലമായ നഗരമേഖലകളിൽ പോളിങ് കുറഞ്ഞതും ഔട്ടർ ഡൽഹിയിൽ പോളിങ് കൂടിയതും ബിജെപിക്ക് അനുകൂലമായേക്കുമെന്നാണ് കരുതുന്നത്.
-
Also Read
വിധിയെഴുതി രാജ്യ തലസ്ഥാനം; പോളിങ് 57.70%
അധികാരം തിരിച്ചുപിടിക്കാൻ ബിജെപിക്കു കഴിഞ്ഞാൽ അതിന്റെ ക്രെഡിറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അവകാശപ്പെട്ടതായിരിക്കും. മധ്യവർഗത്തെ കൂടെനിർത്തുന്ന ബജറ്റിലൂടെ ഡൽഹിയിലെ വലിയ ജനവിഭാഗത്തെ ബിജെപി വരുതിയിലാക്കിയെന്നാണ് എക്സിറ്റ് പോൾ ഫലം നൽകുന്ന സൂചനകൾ. ഹരിയാനയിൽ ജാട്ട് ഇതര വോട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ബിജെപി വിജയത്തിലേക്ക് ഓടിക്കയറിയതെങ്കിൽ ഡൽഹിയിൽ മധ്യവർഗത്തെ കൂടെനിർത്തിയുളള പരീക്ഷണം വിജയിക്കുന്നുവെന്നു വേണം എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്.
പക്ഷേ എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ഒരു പോലെ വിധിയെഴുതുന്നത് ഒരേയൊരു കാര്യത്തിൽ മാത്രമാണ്. അത് കോൺഗ്രസിന്റെ വലിയ തോൽവി തന്നെയാണ്. ഇഞ്ചോടിഞ്ചു പോരാട്ടം പ്രവചിക്കുന്ന രണ്ട് എക്സിറ്റ് പോൾ ഫലങ്ങളിലും കോൺഗ്രസിന് നിർണായക കക്ഷിയാകാൻ സാധിക്കുന്നില്ലെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹരിയാനയിൽ പരസ്പരം മത്സരിച്ച് 8 സീറ്റിലെങ്കിലും ഇന്ത്യാ സഖ്യ പാർട്ടികൾ പിന്നിലായിരുന്നു. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ബിജെപിയാണു വിജയിക്കുന്നതെങ്കിൽ, ഈ ഒത്തൊരുമ ഇല്ലായ്മയായിരിക്കും ഡൽഹിയെ ഇക്കുറി താമരക്കുമ്പിളിലാക്കുക.