വിവാഹച്ചടങ്ങില്നിന്നു മടങ്ങിയവർക്ക് ആളുമാറി പൊലീസ് മർദനം; യുവതിയടക്കം 3 പേർക്കു സാരമായ പരുക്ക്

Mail This Article
പത്തനംതിട്ട∙ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ പൊലീസ് മർദിച്ചെന്ന് ആക്ഷേപം. രണ്ടു യുവാക്കൾ ക്രൂര മർദനത്തിന് ഇരയായി. സിതാര എന്ന യുവതിക്കു സാരമായ പരുക്കേറ്റു. ബാറിനു സമീപം സംഘർഷമുണ്ടായെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആളുമാറി ഇവർക്കു നേരെ തിരിഞ്ഞെന്നാണു സൂചന. ഇന്നലെ രാത്രി പതിനൊന്നരയോടെ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്താണ് സംഭവം.
കൊല്ലത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മുണ്ടക്കയത്തേക്കു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം. വാഹനത്തിലുണ്ടായിരുന്ന മലയാലപ്പുഴ സ്വദേശിയെ ഇറക്കാനായി നിർത്തിയപ്പോളാണ് സംഭവം. ഈ സമയത്ത് വാഹനത്തിലെത്തിയ പൊലീസ് അകാരണമായി വാഹനത്തിനു പുറത്തുനിന്നവരെ മർദിച്ചെന്നാണ് ആരോപണം. പരുക്കേറ്റ മൂന്നുപേർ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.