‘മാധ്യമ പ്രവർത്തകരോട് അനാവശ്യ ചോദ്യം വേണ്ട’: അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ അന്വേഷണ സംഘത്തിനു തിരിച്ചടി

Mail This Article
ചെന്നൈ ∙ അണ്ണാ സർവകലാശാല ബലാത്സംഗ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മാധ്യമപ്രവർത്തകരിൽ നിന്ന് പിടിച്ചെടുത്ത ഫോൺ അടക്കം എല്ലാ ഉപകരണങ്ങളും തിരിച്ചു നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. എഫ്ഐആർ ചോർച്ചയുടെ മറവിൽ മാധ്യമപ്രവർത്തകരെ വേട്ടയാടിയ പ്രത്യേക അന്വേഷണ സംഘത്തിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധി. സ്വകാര്യത അവകാശത്തിന്റെ ലംഘനമാണ് അന്വേഷണ സംഘത്തിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണത്തിന്റെ പേരിൽ അനാവശ്യ ചോദ്യങ്ങൾ മാധ്യമ പ്രവർത്തകരോട് പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.
മാധ്യമപ്രവർത്തകരുടെ കുടുംബത്തെ കുറിച്ചോ സ്വത്തുവിവരങ്ങളെ പറ്റിയോ പ്രത്യേക അന്വേഷണ സംഘം ചോദിക്കരുത്. മാധ്യമപ്രവർത്തകരുടെ മൊഴി പ്രത്യേകം രേഖപെടുത്തണം. ഈ മാസം 10നകം വിവരങ്ങൾ ശേഖരിക്കുന്നത് പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. പൊലീസ് സൈറ്റിൽ പ്രസിദ്ധീകരിച്ച എഫ്ഐആർ ഡൗൺലോഡ് ചെയ്തു വാർത്ത നൽകിയവരെ ആണ് പ്രത്യേക അന്വേഷണ സംഘം സമൻസ് അയച്ചു വിളിച്ചു വരുത്തി മൊബൈൽ ഫോൺ പിടിച്ചെടുത്തത്. ഇതിനെതിരെ 4 മാധ്യമപ്രവർത്തകരും ചെന്നൈ പ്രസ് ക്ലബുമാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.