‘പത്തനംതിട്ടയിൽ നടന്നത് നരനായാട്ട്; പൊലീസ് സിപിഎമ്മിന് അടിമവേല ചെയ്യാനുള്ളവരല്ല’

Mail This Article
തിരുവനന്തപുരം∙ പത്തനംതിട്ടയിൽ ഇന്നലെ രാത്രി നടന്നതു പൊലീസിന്റെ നരനായാട്ടാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു പ്രകോപനവുമില്ലാതെയാണു വിവാഹ സംഘത്തിൽപ്പെട്ട സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്. ആളുമാറിയാണു ഇവരെ പൊലീസ് തല്ലിയതെന്നതു സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നെന്നും പൊലീസിന് സംഭവിച്ചിരിക്കുന്നതു ഗുരുതരമായ വീഴ്ചയാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
‘‘അധികാര ദുർവിനിയോഗവും നരനായാട്ടും നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണു ശ്രമമെങ്കിൽ അത് അനുവദിക്കില്ല. എന്തധികാരത്തിലാണു പൊലീസ് നിരപരാധികളെ തല്ലിച്ചതച്ചത്? പൊലീസിന്റെ പരാക്രമത്തിനു സിസിടിവി ദൃശ്യങ്ങൾ തെളിവാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ ഒരു നിമിഷം പോലും സർവീസിൽ തുടരാൻ അനുവദിക്കരുത്. കർശന നടപടി സ്വീകരിക്കണം. ക്രൂരമായ മർദനം ഏൽക്കേണ്ടി വന്നവരുടെ പരാതിയിൽ കൃത്യമായ അന്വേഷണം നടത്തി നിയമനടപടി ഉറപ്പാക്കണം. കേരളത്തിലെ പൊലീസ് സിപിഎമ്മിന് അടിമവേല ചെയ്യാനുള്ളവരല്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ളവരാണ്’’– സതീശൻ പറഞ്ഞു.