‘ഞാനും തട്ടിപ്പിന്റെ ഇര, ഞങ്ങൾക്ക് പണമൊന്നും ലഭിച്ചില്ല’; ബിജെപി നേതൃത്വത്തെ ബോധ്യപ്പെടുത്തിയെന്ന് എ.എൻ. രാധാകൃഷ്ണൻ

Mail This Article
കൊച്ചി ∙ പാതി വില തട്ടിപ്പിൽ തങ്ങൾക്കു പങ്കില്ലെന്നും താനും ഇതിൽ ഇരയാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ. എൻജിഒ കോൺഫെഡറേഷന്റെ പേരിൽ അനന്തു കൃഷ്ണൻ സംസ്ഥാന വ്യാപകമായി നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന ‘സൈൻ’ എന്ന സംഘടനയുടെ പേരും പ്രചരിച്ചതോടെയാണു വിശദീകരണവുമായി അദ്ദേഹം രംഗത്തുവന്നത്. പാതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങൾ നൽകുന്നതിനു ഞങ്ങൾ കോൺഫെഡറേഷനുമായി കരാർ ഒപ്പു വച്ചിരുന്നുവെന്നും എന്നാൽ പണമൊന്നും ലഭിച്ചില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു. സംഭവങ്ങളെക്കുറിച്ചു ബിജെപി നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അവർക്കു തന്നെ വിശ്വാസമാണെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.
കോൺഫെഡറേഷന്റെ സഹായത്തോടെ പാതിവിലയ്ക്കു സ്കൂട്ടർ നൽകുന്ന പരിപാടി രാധാകൃഷ്ണന്റെ സംഘടനയും നടത്തുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ചേർന്ന് പല സാമൂഹ്യ സേവന പദ്ധതികളും നടത്തുന്നുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു. ‘‘അങ്ങനെയാണു എനിക്കേറെ അടുപ്പവും ബഹുമാനവുമുള്ള എൻജിഒ കോൺഫെഡറേഷന്റെ സ്ഥാപകന്‍ കൂടിയായ സായിഗ്രാമിലെ കെ.എൻ. ആനന്ദ് കുമാർ എന്നെ അനന്തു കൃഷ്ണനുമായി പരിചയപ്പെടുത്തുന്നത്. സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് പരിപാടി നടത്തുന്നതെന്നും പറഞ്ഞു. ആതുര സേവന രംഗത്തടക്കമുള്ള 200ഓളം സംഘടനകൾ അംഗമായ കൂട്ടായ്മയാണു കോൺഫെഡറേഷൻ. എന്നാൽ ഞങ്ങൾ അതിൽ അംഗമല്ല. തുടർന്നു സാമൂഹ്യ സേവനം എന്ന നിലയിൽ സ്കൂട്ടറുകളും മറ്റും നല്‍കുന്നതിന് അവർ പറഞ്ഞ ഒരു കമ്പനിയുമായി കരാർ ഒപ്പു വയ്ക്കുകയായിരുന്നു. 2024 മാർച്ച് അഞ്ചിനാണ് കരാർ ഒപ്പുവച്ചത്. തുടർന്ന് ശേഖരിച്ച പണം മുഴുവൻ ഈ കമ്പനിയിലേക്ക് അടയ്ക്കുകയും ചെയ്തു. എന്നാൽ ജൂലൈ മാസത്തോടെ താൻ കോൺഫെഡറേഷനിൽ നിന്ന് പിന്മാറുകയാണെന്ന് ആനന്ദകുമാർ അറിയിച്ചു. എന്നാൽ അപ്പോഴേക്കും പിരിച്ച പണം മുഴുവൻ അവരെ ഏൽപ്പിച്ചിരുന്നതിനാൽ പിന്മാറാൻ എനിക്കു സാധിക്കില്ലായിരുന്നു’’– രാധാകൃഷ്ണൻ പറഞ്ഞു.
പൊതുപ്രവർത്തകൻ ആയതുകൊണ്ടു തന്നെ ഒളിച്ചോടാൻ സാധിക്കില്ല. പണം നൽകിയവർക്ക് സ്കൂട്ടർ നൽകേണ്ട ഉത്തരവാദിത്തം ഉണ്ടായിരുന്നു. തുടർന്ന് വാഹന ഡീലർമാരുടെയും മറ്റു പലരുടേയും സഹായത്തോടെയും സ്വർണം പണയം വച്ചും മറ്റും 5620 പേർക്ക് സ്കൂട്ടർ കൈമാറി. ഇനി പണം നൽകിയ അഞ്ചു ശതമാനം പേർക്കു മാത്രമേ അത് നൽകാനുള്ളൂ. സ്കൂട്ടർ വേണ്ടവർക്ക് അതും പണം തിരികെ വേണ്ടവർക്ക് അതും നൽകുമെന്നു രാധാകൃഷ്ണൻ പറഞ്ഞു.
അനന്തു കൃഷ്ണന്റെ ഭാഗത്തു നിന്നു വാഹന കമ്പനികൾക്കു പണം നൽകുന്നുണ്ടോ എന്ന കാര്യം അറിയില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു. അനന്തുവിന്റെ ഒരു അക്കൗണ്ട് പൊലീസ് മരവിപ്പിച്ചതിനു ശേഷം ഒക്ടോബർ 30ന് കോഴിക്കോട് ഐജി ഓഫീസ് ആസ്ഥാനത്ത് എൻജിഒ കോൺഫെഡറേഷൻ പരിപാടി നടത്തുകയും അനന്തു കൃഷ്ണൻ അതിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഐജി സേതുരാമനായിരുന്നു ഉദ്ഘാടകനെന്നും രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. മാത്രമല്ല, മന്ത്രിമാർ അടക്കം പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെന്നതു കണ്ടു കൊണ്ടാണു തന്റെ സംഘടനയും ഇവർക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അനന്തു കൃഷ്ണന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് രാധാകൃഷ്ന്റെ സംഘടനയുടെ പേരും ഉയർന്നതോടെ ഇവരുടെ ഓഫീസിലും പണം നൽകിയവർ തടിച്ചുകൂടിയിരുന്നു. ഇക്കഴിഞ്ഞ നവംബറില്‍ നടന്ന സ്കൂട്ടർ വിതരണ പരിപാടിയെക്കുറിച്ചു കൊച്ചി നഗരത്തിൽ പതിപ്പിച്ച പോസ്റ്ററുകളിലും അനന്തു കൃഷ്ണന്റെ ചിത്രം ഉൾപ്പെടുത്തിയിരുന്നു. പോസ്റ്റുകളൊക്കെ കോൺഫെഡറേഷൻ തന്നെ ഡിസൈൻ ചെയ്തു തരുന്നതാണെന്നും പണം നൽകിയതിനാൽ മറ്റു മാർഗമില്ലാതെ അത് ചെയ്യുന്നു എന്നുമാണ് രാധാകൃഷ്ണൻ ഇതിനോട് പ്രതികരിച്ചത്. അനധികൃത പോസ്റ്ററുകളും ഫ്ലെക്സുകളും സംബന്ധിച്ച് ഹൈക്കോടതി നടത്തിയ രൂക്ഷവിമർശനത്തിൽ ഈ പോസ്റ്ററുകളും ഉൾപ്പെട്ടിരുന്നു.