എറണാകുളത്തപ്പൻ ക്ഷേത്രോത്സവത്തിലെ വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി

Mail This Article
കൊച്ചി ∙ എറണാകുളത്തപ്പൻ ക്ഷേത്രോത്സവത്തിലെ വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകി. കൃത്യമായ ദൂരപരിധി പാലിക്കണമെന്നതടക്കമുള്ള ഉപാധികളോടെയാണ് ജസ്റ്റിസ് ടി.ആർ.രവി അനുമതി നൽകിയിരിക്കുന്നത്. സ്ഥലത്ത് പൊലീസും അഗ്നിരക്ഷാസേനയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജില്ല ഭരണകൂടം അനുമതി നിഷേധിച്ചതിനെതിരെ ക്ഷേത്രം ഭാരവാഹികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. വലിയ വിളക്ക് നടക്കുന്ന ശനിയാഴ്ചയും (ഫെബ്രുവരി 8) ആറാട്ട് ദിനമായ തിങ്കളാഴ്ചയും (ഫെബ്രുവരി 10) വെടിക്കെട്ട് നടത്താനാണ് ഉപാധികളോടെ അനുമതി. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിന്നും 100 മീറ്റർ അകലെ മാത്രമേ ആളുകളെ അനുവദിക്കാവൂ. ദൂരപരിധി അഗ്നിരക്ഷാസേന അടയാളപ്പെടുത്തണം. ഇവിടെ ബാരിക്കേഡ് വച്ച് ആളുകളെ തടയണം. സ്ഥലത്ത് പൊലീസും അഗ്നിരക്ഷാസേനയും സുരക്ഷ ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.
അതേസമയം കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ അളവിൽ വെടിക്കെട്ട് സാമഗ്രികൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. വെടിക്കെട്ട് നടത്തുന്ന സ്ഥലത്ത് സാമഗ്രികൾ സൂക്ഷിക്കില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ ഉറപ്പു നൽകിയിരുന്നു. നേരത്തെ വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ക്ഷേത്രം ഭാരവാഹികളുടെ ഹർജിയിൽ അപേക്ഷ പുനഃപരിശോധിക്കാൻ കോടതി നിർദേശം നൽകി. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ സർട്ടിഫിക്കറ്റുകൾ ക്ഷേത്രം ഭാരവാഹികൾ ഹാജരാക്കിയെങ്കിലും അപേക്ഷ വീണ്ടും തള്ളി. ഇതിന് പിന്നാലെയാണ് കഴിഞ്ഞ തവണത്തേതിന് സമാനമായി ഇത്തവണയും ഹൈക്കോടതി അനുമതി നൽകിയത്.