എന്‍ജിഒ അസോസിയേഷനില്‍ ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

Mail This Article
തിരുവനന്തപുരം∙ എന്‍ജിഒ അസോസിയേഷനില്‍ ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലും സംസ്ഥാന കമ്മിറ്റി ഓഫിസിലുമാണ് സംഘര്‍ഷമുണ്ടായത്. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറിനെ അനുകൂലിക്കുന്നവരും ജനറല്‍ സെക്രട്ടറി ജാഫര്‍ഖാനെ അനുകൂലിക്കുന്നവരും തമ്മിലായിരുന്നു ബഹളം. സംഘടനയുടെ പ്രസിഡന്റായി ജാഫര്‍ ഖാന്‍ സ്വയം പ്രഖ്യാപിച്ചതോടെ ജാഫര്‍ ഖാനെ പുറത്താക്കിയതായി ചവറ ജയകുമാര്‍ അറിയിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്കിന്റെ തുടർച്ചയാണ് എന്‍ജിഒ അസോസിയേഷനിലെ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് സൂചന.
മൂന്നു വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധിയെങ്കിലും ചവറ ജയകുമാര്‍ അഞ്ചു വര്‍ഷമായി സ്ഥാനത്തു തുടരുകയാണെന്നാണ് ആക്ഷേപം. സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ ജാഫര്‍ ഖാന്‍ ആവശ്യപ്പെട്ടതോടെയാണ് ബഹളം തുടങ്ങിയത്. യോഗം അലങ്കോലപ്പെട്ടതോടെ ജയകുമാര്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് മറുവിഭാഗം യോഗം ചേര്‍ന്ന് ജാഫര്‍ ഖാനെ പ്രസിഡന്റായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ചുമതല ഏല്‍ക്കാന്‍ ജാഫര്‍ ഖാന്‍ ഓഫിസില്‍ എത്തിയപ്പോള്‍ ജയകുമാര്‍ അനുകൂലികള്‍ തടഞ്ഞു.
ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ എ.എം ജാഫര്‍ഖാനെ എന്‍ജിഒ അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതായി ചവറ ജയകുമാര്‍ പറഞ്ഞു. കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തിയതിനാണ് നടപടിയെന്നും പ്രസിഡന്റിന്റെ അഭാവത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് അസാധുവാണെന്നും ജയകുമാര്‍ പ്രതികരിച്ചു. എന്നാല്‍ നിലവില്‍ പ്രസിഡന്റ് അല്ലാത്ത ഒരാള്‍ക്ക് തന്നെ പുറത്താക്കാന്‍ അധികാരമില്ലന്നും സംഘടനാ പ്രവര്‍ത്തനം തുടരുമെന്നും ജാഫര്‍ഖാന്‍ പറഞ്ഞു.