‘ചെലവുചുരുക്കൽ; വരുമാനം വർധിപ്പിക്കൽ’: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിൽ കണ്ണുംനട്ട് ജനം

Mail This Article
തിരുവനന്തപുരം∙ 'വലിയ തോതില്‍ ജനങ്ങള്‍ക്കു താങ്ങാന്‍ പറ്റാത്ത ബാധ്യതയുണ്ടാകുന്നതൊന്നും ഉണ്ടാകില്ല' - ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ഈ വാക്കുകള്‍ എത്രത്തോളം പാലിക്കപ്പെടുമെന്നതാണു നാളത്തെ ബജറ്റിനെ ശ്രദ്ധേയമാക്കുന്നത്. ചെലവുചുരുക്കുന്നതിനൊപ്പം വരുമാനം വര്‍ധിപ്പിക്കാനുള്ള ചില നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറയുന്നു. കിഫ്ബി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കു വരുമാനം വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയാത്തത്ര സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടെയാണു രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ രാവിലെ 9 മണിക്കു ധനമന്ത്രി സഭയില്‍ അവതരിപ്പിക്കുക. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടു ക്ഷേമപെന്ഷന് വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണു സൂചന. അതേസമയം ഇതിനായി പണം കണ്ടെത്താന്‍ സേവനങ്ങള്‍ക്കുള്ള ഫീസും പിഴത്തുകകളും നികുതികളും വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.
ക്ഷേമപെന്ഷന് 1600 രൂപയില്‍നിന്ന് 100 രൂപ മുതല്‍ 200 രൂപ വരെ വര്‍ധിപ്പിക്കണമെന്ന ആവശ്യമാണു ധനമന്ത്രിയുടെ പരിഗണനയിലുള്ളത്. ഇതിനുള്ള പണം കണ്ടെത്താന്‍ കഴിഞ്ഞ വര്‍ഷം ഇന്ധനത്തിനും മദ്യത്തിനും സെസ് ഏര്‍പ്പെടുത്തിയതു പോലെ മോട്ടര്‍വാഹന നികുതി, ഭൂനികുതി തുടങ്ങിയവയ്ക്കു മേല്‍ സെസ് ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. ഒരു മാസം ക്ഷേമപെന്ഷന് നല്കാന് 900 കോടി രൂപയാണു വേണ്ടിവരുന്നത്. ഇതു തന്നെ മൂന്നു മാസത്തെ കുടിശികയും നല്‍കാനുണ്ട്. ഇതിനു പുറമേ ശമ്പള, പെന്ഷന് പരിഷ്കരണ കുടിശിക, ലീവ് സറണ്ടര്‍ കുടിശിക തുടങ്ങി നിരവധി വെല്ലുവിളികളാണു ധനമന്ത്രിക്കു മുന്നിലുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആറ് ഗഡു ക്ഷാമബത്തയും 5 വര്‍ഷത്തെ ലീവ് സറണ്ടറും നല്‍കാനുണ്ട്. ആശ്വാസകിരണം പദ്ധതി, ക്ഷേമനിധി ബോര്‍ഡ് പെന്ഷന് തുടങ്ങി നിരവധി മേഖലകളിലെ കുടിശികയ്ക്കായി കോടികളാണു സര്‍ക്കാരിനു കണ്ടെത്തേണ്ടി വരിക.
കേന്ദ്രബജറ്റില്‍ അവഗണിക്കപ്പെട്ട വിഴിഞ്ഞം പദ്ധതിക്കായി കൂടുതല്‍ പണം മാറ്റിവയ്ക്കും. വിഴിഞ്ഞം, കൊല്ലം, പുനലൂര്‍ എന്നിവിടങ്ങള്‍ ബന്ധിപ്പിച്ചുള്ള പദ്ധതിയും വിഴിഞ്ഞത്തേക്കുള്ള റെയില്‍ പാതയും പ്രാമുഖ്യമുള്ള വിഷയങ്ങളാണ്. വന്യജീവി ആക്രമണം തടയാന്‍ കൂടുതല്‍ ഫണ്ട്, വയനാട് പുനരധിവാസത്തിനു വേണ്ടിയുള്ള പ്രഖ്യാപനം തുടങ്ങി നിരവധി കാര്യങ്ങളാണ് ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. താങ്ങുവിലയില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണു റബര്‍ കര്‍ഷകര്‍. കിലോയ്ക്ക് 220 രൂപയില്‍നിന്ന് 250 രൂപയാക്കണമെന്നാണ് ആവശ്യം. നെല്ലു സംഭരണത്തിനു മികച്ച വില ഉള്‍പ്പെടുത്തി 1500 കോടി രൂപയുടെ പാക്കേജ് വേണമെന്ന ആവശ്യം നെല്‍ കര്‍ഷകരും മുന്നോട്ടു വച്ചിട്ടുണ്ട്.
സ്വകാര്യ നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്ന തരത്തില്‍ നയങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടാകുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. വ്യവസായസൗഹൃദ സംസ്ഥാനമാണെന്ന് അവകാശപ്പെടുമ്പോഴും പലതരത്തിലുള്ള ആശങ്കളാണ് പണം മുടക്കാന്‍ എത്തുന്നവര്‍ക്ക് ഇപ്പോഴും ഉള്ളത്. നിക്ഷേപകര്‍ക്ക് വിശ്വാസം പകരുന്ന തരത്തിലുള്ള സമീപനത്തില്‍ ഊന്നിയുള്ള നീക്കങ്ങള്‍ ധനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് ഈ രംഗത്തുള്ളവര്‍ പ്രതീക്ഷിക്കുന്നത്.