‘ലാലിക്ക് എതിരായ ആരോപണങ്ങൾ ഗൗരവതരം’: അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, കേസ് 17ന് പരിഗണിക്കും

Mail This Article
കൊച്ചി ∙ പാതി വില തട്ടിപ്പു കേസിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ലാലിക്ക് എതിരായ ആരോപണങ്ങൾ ഗൗരവതരമാണെന്നു കൂടി ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ മുൻകൂർ ജാമ്യം അനുവദിച്ചത്. കേസ് വീണ്ടും ഈ മാസം 17ന് പരിഗണിക്കും.
കേസില്‍ പ്രതിയാക്കപ്പെട്ടതോടെയാണു ലാലി വിൻസെന്റ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്നും അഭിഭാഷകയെന്ന നിലയിൽ നിയമോപദേശം നൽകുക മാത്രമാണു ചെയ്തത് എന്നുമായിരുന്നു ജാമ്യഹർജിയിലെ വാദം. രാഷ്ട്രീയ കാരണങ്ങളാലാണു തനിക്കെതിരെ കേസ് എന്നും അവർ വാദിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണു ലാലി വിൻസെന്റിനെ ഏഴാം പ്രതിയാക്കി കണ്ണൂർ പൊലീസ് കേസെടുത്തത്. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും തൊടുപുഴ സ്വദേശിയുമായ അനന്തു കൃഷ്ണൻ, നാഷനൽ എൻജിഒ കോൺഫെഡറേഷൻ സ്ഥാപകനായിരുന്ന കെ.എൻ.ആനന്ദ് കുമാർ, കോൺഫെഡറേഷൻ ചെയർപഴ്സൻ ഡോ. ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, സുമ കെ.പി., ഇന്ദിര, ലാലി വിൻസെന്റ് എന്നിവരാണ് പ്രതികൾ. 494 പരാതികളാണ് കണ്ണൂർ ടൗണിൽ മാത്രം തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചത്.
‘മൂവാറ്റുപുഴ സോഷ്യോ–ഇകണോമിക് ഡവലപ്മെന്റ് സൊസൈറ്റി’ എന്ന സംഘം രൂപീകരിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കമെന്നാണു പൊലീസും നാട്ടുകാരും പറയുന്നത്. പ്രദേശവാസികൾ തന്നെയായ 13 അംഗ പ്രൊമോട്ടർ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സൊസൈറ്റി പ്രവർത്തിച്ചത്. എട്ടു കോടിയോളം രൂപ ഇവിടെ നിന്നു തട്ടിച്ചിട്ടുണ്ടെന്നാണു കരുതുന്നത്. ഈ കേസിലാണു ലാലിയെ പ്രതി ചേർത്തിരിക്കുന്നത്. താൻ നിയമോപദേശം നൽകിയ വകയിൽ 40 ലക്ഷം രൂപ അനന്തു കൃഷ്ണനിൽ നിന്ന് ഈടാക്കിയിട്ടുണ്ടെന്നും ഇതിന്റെ അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ തയാറാണെന്നും അവർ പറഞ്ഞിരുന്നു.