കേരളതീരത്ത് എണ്ണ തേടി വീണ്ടും പര്യവേഷണം; കൊല്ലത്ത് ഈ വര്‍ഷം ഡ്രില്ലിങ്, സ്ഥലം കണ്ടെത്തിയെന്ന് സുരേഷ് ഗോപി

Mail This Article
തിരുവനന്തപുരം∙ കേരള തീരത്ത് എണ്ണ, പ്രകൃതി വാതക സാന്നിധ്യം കണ്ടെത്തുന്നതിനായി വീണ്ടും പര്യവേഷണത്തിനു കളമൊരുങ്ങുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കൊല്ലം തീരത്തു ഡ്രില്ലിങ് ആരംഭിക്കാനുള്ള സ്ഥലം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ലോക്‌സഭയില്‍ അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ് എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. ഓയില്‍ ഇന്ത്യ ലിമിറ്റഡ് ആണ് കേരളാ കൊങ്കണ്‍ തടത്തിലെ 3519.69 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കെകെ-ഒഎസ്എച്ച്പി-2018 1 എന്ന ബ്ലോക്ക് ഏറ്റെടുത്തിരിക്കുന്നത്.
1028 ചതുരശ്ര കിലോമീറ്ററില്‍ സീസ്മിക് പഠനം നടത്തിയതിനു ശേഷമാണു പരീക്ഷണാടിസ്ഥാനത്തില്‍ ഒരു കിണര്‍ കുഴിക്കുന്നതിനുള്ള സ്ഥലം തിരിച്ചറിഞ്ഞത്. ഇതിനു പുറമേ കേരളാ കൊങ്കണ്‍ തടത്തില്‍ 6717.56 ചതുരശ്ര കി.മീ കെകെ-ഒഎസ്എച്ച്പി-2022 1 (ഷാലോ ഓഫ്‌ഷോര്‍) ബ്ലോക്കും 1112.71 ചതുരശ്ര കി.മീ. കെകെ-ഡിഡബ്ല്യുഎച്ച്പി-2022 1 ബ്ലോക്കും ഒഎന്‍ജിസിക്കു പര്യവേഷണത്തിനായി നല്‍കിയിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ബോംബെ ഹൈയിലാണ് നിലവില്‍ എണ്ണ ഖനനം നടക്കുന്നത്. മുന്‍പ് ഒഎന്‍ജിസി കൊച്ചിയില്‍ ഉള്‍പ്പെടെ എണ്ണ പര്യവേഷണം നടത്തിയിരുന്നെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ ലാഭകരമല്ലാത്തതിനാല്‍ പദ്ധതികള്‍ ഉപേക്ഷിക്കുകയായിരുന്നു.
കൊല്ലം തീരത്തുനിന്നു 30-40 കിലോമീറ്റര്‍ അകലെയാകും പര്യവേഷണം നടക്കുക എന്നാണു റിപ്പോര്‍ട്ട്. ഓയില്‍ ഇന്ത്യ ഇതു സംബന്ധിച്ചു ടെന്‍ഡര്‍ പുറത്തിറക്കിയിട്ടുണ്ടെന്നും സൗകര്യങ്ങള്‍ പരിശോധിക്കാനായി ഒട്ടേറെ കമ്പനികള്‍ ബന്ധപ്പെടുന്നുണ്ടെന്നും കൊല്ലം പോര്‍ട്ട് ഓഫിസര്‍ ഇന്‍ ചാര്‍ജ് ക്യാപ്റ്റന്‍ പി.കെ.അരുണ്‍കുമാര്‍ പറഞ്ഞു. 2024 ഡിസംബറില്‍ ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനി പ്രതിനിധികള്‍ തുറമുഖത്ത് എത്തിയിരുന്നു. ഈ വര്‍ഷം പകുതിയോടെ റിഗുകളും കപ്പലുകളും എത്തിച്ച് ആഴക്കടലില്‍ എണ്ണക്കിണര്‍ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഓയില്‍ ഇന്ത്യ ലിമിറ്റഡ് യുകെ ആസ്ഥാനമായ കമ്പനിയുമായി 1287 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്.
ഇവരില്‍നിന്ന് ഉപകരാര്‍ എടുത്ത കമ്പനിയാണു കൊല്ലത്തു പ്രവര്‍ത്തനം നടത്തുക. പര്യവേഷണ കപ്പലിനും ചെറുകപ്പലുകള്‍ക്കും ടഗുകള്‍ക്കും ഇന്ധനം നിറയ്ക്കുന്നതിനുള്ള സൗകര്യം താല്‍ക്കാലിക ഓഫിസ് മുറി, ഇമിഗ്രേഷന്‍ ചെക്ക് പോയിന്റ് സംവിധാനം തുടങ്ങി എല്ലാ സൗകര്യങ്ങളും തുറമുഖത്തു സജ്ജമാക്കുമെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. സീസ്മിക് പഠനത്തിനു ശേഷം ഷാലോ വാട്ടര്‍ ഹസാര്‍ഡ് സ്റ്റഡി നടത്തിയതിനു ശേഷമാകും റിഗുകള്‍ സ്ഥാപിക്കാനുള്ള നടപടിയെടുക്കുക. 100 മീറ്റര്‍ ആഴമാണുള്ളതെങ്കില്‍ ജാക്ക് അപ് റിഗുകളും അതില്‍ കൂടുതല്‍ ആണെങ്കില്‍ ഡ്രില്‍ ഷിപ്പുകളും സബ് മെര്‍സിബിള്‍ ഡ്രില്ലിങ് റിഗുകളും ആകും പര്യവേഷണത്തിനായി ഉപയോഗിക്കുക.