‘ആര് ഏതു രൂപത്തിൽ വരുമെന്ന് ആർക്കറിയാം, കള്ളന്മാരെ തിരിച്ചറിയണം; ബിജെപിക്കാരുമായി സംസാരിക്കാറുണ്ട്’

Mail This Article
കോട്ടയം ∙ സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് സമാപിക്കാനിരിക്കെ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് സൂചന നൽകി മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ. ബിജെപി നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന രാജേന്ദ്രൻ താൻ ഉന്നയിച്ച പരാതികൾക്ക് പരിഹാരമില്ലെങ്കിൽ പുതിയ രാഷ്ട്രീയ തീരുമാനങ്ങൾ എടുത്തേക്കാം. പാർട്ടി അംഗത്വം പുതുക്കണമെന്ന സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ നിർദേശം തള്ളിയ രാജേന്ദ്രൻ ഇടുക്കിയിൽ പാർട്ടി സമ്മേളനം നടക്കവെ തമിഴ്നാട്ടിലേക്ക് പോയി. മധുരയിൽനിന്ന് അദ്ദേഹം മനോരമ ഓൺലൈനോട് ടെലിഫോണിൽ സംസാരിച്ചു. ജില്ലാ സമ്മേളനത്തിനു മുന്നേ രാജേന്ദ്രനെ സിപിഎമ്മിൽ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയിരുന്നു.
‘‘എന്റെ പരാതി പാർട്ടിക്ക് മുന്നിലുണ്ടല്ലോ. പരാതിയിൽ ഒരു അന്വേഷണമെങ്കിലും വേണ്ടേ ? ഞാൻ തെറ്റ് ചെയ്തോ ഇല്ലയോ എന്നറിയേണ്ടേ ? എല്ലാവർക്കും ഒരേ നീതി വേണം. ഒരാൾക്ക് ഒരു നീതിയും വേറൊരാൾക്ക് വേറൊരു നീതിയും അല്ലല്ലോ. ചില ആളുകൾ ശിക്ഷിക്കാൻ വിധിക്കപ്പെടുമ്പോൾ ചിലയാളുകൾ സുഖമായി കഴിയുകയാണ്. പാർട്ടി എല്ലാവരോടും ഒരേ സമീപനം എടുക്കാനാണ് സാധ്യത. അങ്ങനെ ഒരേ സമീപനം എല്ലാവരോടും എടുത്താൽ അതിന് അനുസൃതമായിട്ടാകും നിലപാട്. അല്ലെങ്കിലാണ് കടുത്ത നടപടി. കടുത്ത നടപടി എന്തെന്ന് ഇപ്പോൾ ജ്യോത്സ്യം നോക്കി പറയാൻ പറ്റില്ല’’ – രാജേന്ദ്രൻ പറഞ്ഞു.

ബിജെപിക്കാരുമായി ഇപ്പോഴും ചർച്ചയുണ്ടോ എന്ന ചോദ്യത്തിനു ആരോടാണ് സംസാരിക്കാത്തത് എന്നായിരുന്നു മറുപടി. ആര് ഏതു രൂപത്തിൽ വരുമെന്ന് ആർക്കറിയാം. ബിജെപിക്കാർ സംസാരിക്കാറുണ്ട്. എന്നുകരുതി വർഷങ്ങളോളം ബിജെപിയിൽ കയറണമെന്ന് അവർ പറഞ്ഞു കൊണ്ടിരിക്കില്ലല്ലോയെന്നും രാജേന്ദ്രൻ പറഞ്ഞു.
‘‘ജില്ലാ സമ്മേളനത്തിൽ നല്ല തീരുമാനമാണ് പ്രതീക്ഷിക്കുന്നത്. കള്ളന്മാരെ തിരിച്ചറിയുകയെങ്കിലും വേണ്ടേ ? ഞാൻ കണ്ട കള്ളൻ കെ.വി. ശശിയാണ്. അയാളുടെ പേരിലാണ് ഞാൻ പരാതി നൽകിയത്. എം.എം. മണിയ്ക്ക് പ്രായമായി, മുതിർന്ന നേതാവാണ്. പാർട്ടിയെ ഇത്രയും കാലം കൊണ്ടു നടന്നു. ആ ബഹുമാനം ഉണ്ടെനിക്ക്. നമ്മുടെ വീട്ടിലെ കാരണവന്മാർ എന്തെങ്കിലും പറഞ്ഞാൽ അതൊക്കെ കേൾക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. പക്ഷേ അറിഞ്ഞിട്ടോ കേട്ടിട്ടോ അല്ല കാരണവർ വർത്തമാനം പറയേണ്ടത്’’ – രാജേന്ദ്രൻ പറഞ്ഞു.