എസ്ഐടിയിൽ വിശ്വാസമില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം; കലൂരിൽ ബോയ്ലർ പൊട്ടിത്തെറിച്ച് ഒരു മരണം – വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ

Mail This Article
പതിവുപോലെ ഒട്ടേറേ പ്രധാനവാർത്തകൾ നിറഞ്ഞ ദിവസമാണ് കടന്നുപോകുന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ അപ്പീൽ, കിഫ്ബി റോഡുകളിലെ ടോൾ പിരിവിനെ അനുകൂലിച്ചുകൊണ്ടുള്ള മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന, ഗാസ മുനമ്പ് ഏറ്റെടുക്കാൻ തയാറാണെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവന, കലാപത്തെത്തുടർന്ന് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബവീട് ഇടിച്ചുനിരത്തിയത്, പാതിവില തട്ടിപ്പിലെ കൂടുതൽ വെളിപ്പെടുത്തൽ, ഒരാളുടെ മരണത്തിനിടയാക്കിയ കലൂർ കഫേയിലെ ബോയ്‌ലർ പൊട്ടിത്തെറിച്ചുണ്ടായ അപകടം എന്നിവയാണ് അവയിൽ ചിലത്. വാർത്തകൾ വിശദമായി നോക്കാം.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് സിബിഐ അല്ലെങ്കിൽ ഉന്നത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം നിരാകരിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നരഹത്യാ സാധ്യത മുൻനിർത്തി പൊലീസ് ഫലപ്രദമായ അന്വേഷണം നടത്തുന്നില്ലെന്നും പ്രതി ചേർക്കപ്പെട്ട പി.പി.ദിവ്യയ്ക്ക് ഉന്നത സ്വാധീനമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബം വീണ്ടും കോടതിയെ സമീപിച്ചത്.
കിഫ്ബി 50 കോടിക്കു മുകളില്‍ ചെലവിട്ടു പണിയുന്ന റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്. കിഫ്ബി മോഡലിനെ തകര്‍ക്കാന്‍ കേന്ദ്രവും യുഡിഎഫും ശ്രമിക്കുമ്പോള്‍ അതിനെ മറികടക്കാനുള്ള ബദല്‍ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു. ടോള്‍ വേണ്ടെന്ന് മുന്‍പ് പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിന് സാഹചര്യം മാറുമ്പോള്‍ അന്നു പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കാതെ മാറേണ്ടിവരുമെന്നായിരുന്നു മറുപടി. ബിജെപിയും യുഡിഎഫുമാണ് ടോള്‍ പിരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബ വീട് പ്രതിഷേധക്കാർ ഇടിച്ചുനിരത്തി. ഹസീനയുടെ പാർട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകളും തീവച്ച് നശിപ്പിച്ചു. സമൂഹ മാധ്യമത്തിലൂടെ ഹസീന രാജ്യത്തെ അഭിസംബോധന ചെയ്തതാണ് ഇപ്പോഴത്തെ കലാപത്തിന് കാരണം. ആയിരത്തിലേറെ കലാപകാരികളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. 5ന് രാത്രി 9നാണ് ഹസീന സമൂഹ മാധ്യമം വഴി ബംഗ്ലദേശ് പൗരന്മാരോട് സംസാരിച്ചത്. ഇതേസമയത്താണ് കലാപകാരികൾ ഒന്നിച്ചെത്തി അവരുടെ വീട് തകർത്ത് തീയിട്ടത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് വീട് ഇടിച്ചുനിരത്തിയത്.
ഗാസ മുനമ്പ് ഏറ്റെടുക്കാൻ തയാറാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ വ്യാപക പ്രതിഷേധവുമായി പലസ്തീനികൾ രംഗത്തെത്തി. ‘ഇത് ഞങ്ങളുടെ മണ്ണാണ്, ഗാസ വിട്ടുപോകുന്ന പ്രശ്നമില്ല’ എന്നാണ് ഗാസയിലെ പലസ്തീനികൾ രാജ്യാന്തര മാധ്യമങ്ങളോട് പ്രതികരിച്ചത്. ഗാസ ഏറ്റെടുക്കുമെന്നും പലസ്തീനികളെ അവിടെ നിന്ന് സ്ഥിരമായി മാറ്റിപ്പാർപ്പിക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം അറബ് രാജ്യങ്ങളെല്ലാം രൂക്ഷമായി വിമർശിച്ചു. ഇതിനിടെ ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ പലസ്തീൻ അഭയാർഥികളെ താൽക്കാലികമായി സ്വീകരിക്കുമെന്ന ട്രംപിന്റെ പരാമർശം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഭാഗികമായി പിൻവലിക്കുകയും ചെയ്തു.
പാതി വില സ്കൂട്ടർ തട്ടിപ്പിൽ നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഒരു കേസുകൂടി റജിസ്റ്റർ ചെയ്തു. ചേവരമ്പലം സ്വദേശി ടി. ജാനകിയുടെ പരാതിയിലാണു കേസ് റജിസ്റ്റർ ചെയ്തത്. 2.16 കോടി രൂപ നഷ്ടമായെന്നാണ് പരാതി. ഫെബ്രുവരി 4നും നടക്കാവ് സ്റ്റേഷനിൽ ഒരു കേസ് റജിസ്റ്റർ ചെയ്തിരുന്നു. 421 ഗുണഭോക്താക്കൾക്കു 363 സ്കൂട്ടർ, 22 ലാപ്ടോപ്, 36 തയ്യൽ മെഷീൻ തുടങ്ങിയവ നൽകുന്നതിനായി ഗുണഭോക്തൃ വിഹിതമായി 2,16,45,745 രൂപയാണ് അക്കൗണ്ട് വഴിയും ചെക്ക് മുഖേനയും കൈമാറിയതെന്നു പരാതിക്കാരിയായ ജാനകി പറയുന്നു. 2024 ഒക്ടോബർ 9 മുതൽ നവംബർ 12 വരെയുള്ള കാലയളവിലാണ് ഇത്രയും പണം നൽകിയത്.
കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ റസ്റ്ററന്റിൽ വെള്ളം തിളപ്പിക്കുന്ന ബോയ്‍ലർ പൊട്ടിത്തെറിച്ച് ഒരു മരണം. കടയിലെ ജീവനക്കാരനായിരുന്ന ബംഗാൾ സ്വദേശി സുമിത് ആണ് മരിച്ചത്. ജീവനക്കാരായ 4 പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണു. വൈകിട്ട് 4 മണി കഴിഞ്ഞപ്പോഴായിരുന്നു പൊട്ടിത്തെറി.