ലീവ് കൊടുത്തില്ല; സഹപ്രവർത്തകരെ കുത്തി ബംഗാളിലെ സർക്കാർ ജീവനക്കാരൻ, കത്തിയുമായി കറക്കം - വിഡിയോ

Mail This Article
കൊൽക്കത്ത∙ ലീവ് കൊടുക്കാത്തതിന്റെ പേരിൽ ബംഗാളിൽ സർക്കാർ ഉദ്യോഗസ്ഥൻ നാലു സഹപ്രവർത്തകരെ കുത്തി പരുക്കേൽപ്പിച്ചു. കൊൽക്കത്തയിലെ ന്യൂടൗൺ മേഖലയിൽ സ്ഥിതിചെയ്യുന്ന കാരിഗാരി ഭവനിലുള്ള ടെക്നിക്കൽ വിദ്യാഭ്യാസ വിഭാഗത്തിലെ അമിത് കുമാർ സർക്കാരാണു വ്യാഴാഴ്ച സഹപ്രവർത്തകരെ കുത്തിയത്. കുത്തിയശേഷം ആ കത്തിയുമായി നഗരത്തിലൂടെ കറങ്ങിനടന്നുവെന്നുമാണ് റിപ്പോർട്ട്. രക്തം പുരണ്ട കത്തിയുമായി പുറത്തൊരു ബാഗും മറ്റൊരു ബാഗ് കയ്യിലുമായി ഇയാൾ നഗരത്തിലൂടെ നടക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
ഇതിന്റെ ദൃശ്യങ്ങൾ പകർത്തുന്നവർക്കുനേരെയും ഇയാൾ കത്തിവീശി തന്റെ അടുത്തേക്ക് എത്തരുതെന്നും മുന്നറിയിപ്പ് നൽകുന്നു. നോർത്ത് 24 പർഗൻസാസ് ജില്ലയിലെ സോഡെപുരിലുള്ള ഘോല സ്വദേശിയാണ് അമിത് കുമാറെന്ന് പൊലീസ് അറിയിച്ചു. ‘‘വ്യാഴാഴ്ച ഉച്ചയോടെ സഹപ്രവർത്തകരുമായുള്ള പ്രശ്നങ്ങളെത്തുടർന്നാണ് ഇയാൾ കത്തിയെടുത്തു കുത്തി രക്ഷപ്പെടാൻ ശ്രമിച്ചത്. ജയദേബ് ചക്രബർത്തി, ശന്തനു സാഹ, സർത്ത ലേറ്റ്, ഷെയ്ഖ് സിത്താബുൽ എന്നിവർക്കാണു കുത്തേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. ലീവിന്റെ വിഷയത്തിൽ സർക്കാരും സഹപ്രവർത്തകരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ലീവ് നിഷേധിക്കപ്പെട്ടതെന്നു വ്യക്തമല്ല’’ – പൊലീസ് പറഞ്ഞു.
നഗരത്തിലൂടെ കത്തിയുമായി നടക്കുന്നതു കണ്ട ട്രാഫിക് പൊലീസ് സ്ഥലത്തെത്തി ഇയാളോടു കത്തി താഴെയിടാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കത്തി താഴെയിട്ട സർക്കാരിനെ പിന്നാലെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നു. ഇയാൾക്കു മാനസിക പ്രശ്നങ്ങളുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സഹപ്രവർത്തകർ പിതാവിനെക്കുറിച്ചു മോശമായി സംസാരിച്ചുവെന്ന് സർക്കാർ മൊഴി നൽകിയതായി വിവരമുണ്ട്. ഓഫിസിൽ എങ്ങനെയാണ് ഇയാൾ കത്തിയുമായി എത്തിയതെന്നും പരിശോധിക്കുന്നുണ്ട്.