6 രാജ്യങ്ങൾ, 4 മണിക്കൂർ മലകയറ്റം; യുഎസ് അതിർത്തിയിലേക്ക് 16 മണിക്കൂർ നടത്തം: 50 ലക്ഷത്തിന്റെ ‘നാടുകടത്തൽ’

Mail This Article
നാഗ്പുർ∙ കാനഡയ്ക്ക് പോകാനായാണ് നാടുവിട്ടത്. പക്ഷേ, ഏജന്റിന്റെ പിഴവ് നാഗ്പുർ സ്വദേശിയായ ഹർപ്രീത് സിങ് ലാലിയയുടെ സ്വപ്നങ്ങളെ തച്ചുടച്ചു. ഇന്നലെ യുഎസിൽനിന്നു നാടുകടത്തപ്പെട്ട് പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിൽ കൈകളും കാലുകളും ചങ്ങലകളാൽ ബന്ദിക്കപ്പെട്ട് അപമാനിതനായി മറ്റു 103 പേർക്കൊപ്പം ഹർപ്രീതും ഇറങ്ങി. ജീവൻപണയം വച്ച് ഹർപ്രീത് വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്തു. നാലു മണിക്കൂർ നീണ്ട മലകയറ്റവും യുഎസ് അതിർത്തിയിലേക്ക് 16 മണിക്കൂർ നീണ്ട നടത്തവും മുടക്കിയ 50 ലക്ഷം രൂപയും ഇപ്പോൾ ഹർപ്രീതിനെ പേടിപ്പിക്കുന്നുണ്ട്. ഹർപ്രീതിനെപ്പോലെയാണ് ഇന്നലെ തിരിച്ചെത്തിയ 103 പേരുടെയും അവസ്ഥ.
‘‘കാനഡ വീസയ്ക്കു വേണ്ടിയാണ് ഞാൻ പോയത്. കഴിഞ്ഞ ഡിസംബർ അഞ്ചിന് ഡൽഹിയിൽനിന്നാണ് യാത്ര തുടങ്ങിയത്. അബുദാബിയിലേക്കായിരുന്നു കണക്‌ഷൻ ഫ്ലൈറ്റ്. എന്നാൽ അവിടെ ഇറങ്ങാൻ അനുവദിച്ചില്ല. അതുകൊണ്ടു തിരിച്ച് ഡൽഹിയിലേക്കു മടങ്ങേണ്ടിവന്നു. ഡൽഹിയിൽ എട്ടു ദിവസം താമസിച്ചു. പിന്നീട് ഈജിപ്തിലെ കയ്റോയിലേക്കു പോയി. അവിടെനിന്ന് സ്പെയിൻ വഴി കാനഡയിലെ മോൺട്രിയലിലേക്കായിരുന്നു ഞാൻ പോകേണ്ടിയിരുന്നത്.
സ്പെയിനിൽ നാലുദിവസം താമസിച്ചശേഷം ഗ്വാട്ടിമാലയിലേക്ക് അയയ്ക്കപ്പെട്ടു. അവിടെനിന്ന് നിക്കരാഗ്വ, പിന്നീട് ഹോണ്ടുറാസ്, മെക്സിക്കോ... ഇവിടെനിന്ന് നേരെ യുഎസ് അതിർത്തിയിലേക്ക്. ആകെ 49.50 ലക്ഷം രൂപ എനിക്ക് ചെലവായിട്ടുണ്ട്. ബാങ്ക് ലോൺ, സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും കടം വാങ്ങിയ പണം എന്നിങ്ങനെയാണ് ഇത്രയും തുക ഞാൻ സമാഹരിച്ചത്. കാനഡുടെ വീസയ്ക്കു വേണ്ടിയാണ് പോയത്. എന്നാൽ എന്റെ ഏജന്റിന്റെ പിഴവുമൂലമാണ് എനിക്ക് ഇത്രയും സഹിക്കേണ്ടിവന്നത്. മെക്സിക്കോയിൽ മാഫിയാ സംഘം തട്ടിയെടുത്ത് 10 ദിവസം തടങ്കലിൽവച്ചു. അവിടെ നിന്നും നാലു മണിക്കൂർ മലകയറി. പിന്നെ യുഎസ് അതിർത്തിയിലേക്ക് നീണ്ട 16 മണിക്കൂർ നടക്കുകയും ചെയ്തു’’ – ഹര്‍പ്രീത് പറഞ്ഞു.
നാടുകടത്തലിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ: ‘‘ഞാനുൾപ്പെടുന്ന 104 പേരെ ആദ്യമൊരു സ്വീകരണ കേന്ദ്രത്തിലെത്തിച്ചു. പിന്നെ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച് യുഎസിന്റെ സി–17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ കയറ്റി.’’
ഇന്നലെ ഇന്ത്യയിലെത്തിയ സംഘത്തിൽ ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിൽനിന്ന് 33 പേർ വീതവും പഞ്ചാബിൽനിന്ന് 30 പേർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്ന് മൂന്നുപേർ, ചണ്ഡിഗഡിൽനിന്ന് രണ്ടുപേരുമാണ് ഉണ്ടായിരുന്നത്.