അയോധ്യ രാമക്ഷേത്ര നിർമാണത്തിന് കല്ലിട്ട ‘ആദ്യ കർസേവക്’ കാമേശ്വർ ചൗപാൽ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി

Mail This Article
ന്യൂഡൽഹി ∙ അയോധ്യ രാമക്ഷേത്ര നിർമാണത്തിന് ആദ്യ കല്ലിട്ട ‘കർസേവക്’ കാമേശ്വർ ചൗപാൽ (69) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നായിരുന്നു. ഡൽഹിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആർഎസ്‌എസ് നേതാവും രാമജന്മഭൂമി പ്രസ്ഥാന നേതാവുമായ കാമേശ്വർ ചൗപാൽ, ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അംഗമായിരുന്നു. 2024 ഓഗസ്റ്റിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ബിഹാറിലെ സുപോൾ സ്വദേശിയായ കാമേശ്വർ ചൗപാൽ, 2002-2014 കാലഘട്ടത്തിൽ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായിരുന്നു. 1989ൽ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ആദ്യ കല്ലിട്ട കാമേശ്വറിനെ ആർഎസ്എസ് ആദ്യത്തെ ‘കർസേവക്’ ആയി ആദരിച്ചിരുന്നു. കാമേശ്വർ ചൗപാലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ അനുശോചിച്ചു. കാമേശ്വർ ഒരു ‘സമർപ്പിത രാമ ഭക്തൻ’ ആയിരുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു. അദ്ദേഹത്തിന്റെ പാരമ്പര്യം എന്നെന്നും ഓർമിക്കപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.