‘ജല’പക്ഷ ബജറ്റെന്ന് മന്ത്രി റോഷി; ജലജീവൻ മിഷന് കിട്ടിയത് 560 കോടി, ജലനിധിക്ക് 53.57 കോടി രൂപയും | Kerala Budget Highlights

Mail This Article
തിരുവനന്തപുരം ∙ ജലജീവൻ മിഷൻ അടക്കം ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് മതിയായ തുക ബജറ്റിൽ മാറ്റി വച്ചിട്ടുണ്ടെന്നു മന്ത്രി റോഷി അഗസ്റ്റിൻ. 2028 വരെ നീട്ടിയിട്ടുള്ള ജലജീവൻ മിഷന് സംസ്ഥാന സർക്കാരിന്റെ വിഹിതമായി 560 കോടി രൂപയാണ് ബജറ്റിൽ നീക്കി വച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ വിഹിതത്തിന് ആനുപാതികമായി സംസ്ഥാനം തുക നൽകുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരണ പ്രസംഗത്തിൽ വ്യക്തമാക്കി.
ജല അതോറിറ്റിക്ക് 869.03 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. ജലനിധിക്ക് 53.57 കോടിയും നീക്കിവച്ചിട്ടുണ്ട്. ഇതു മുൻവർഷത്തെക്കാൾ 15.50 കോടി അധികമാണിത്. പൊതുജലാശയങ്ങളിലേക്കു മലിനജലം ഒഴുകുന്നില്ലെന്ന് ഉറപ്പാക്കുന്ന മലിനജല നിവാരണ പ്രവൃത്തിക്കു 70 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. ആൾനൂഴികളിൽ റോബട്ടുകളുടെ സഹായത്തോടെ വൃത്തിയാക്കൽ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 30 കോടിയും നീക്കി വച്ചിട്ടുണ്ട്. നഗരജലവിതരണ പദ്ധതികളുടെ നവീകരണത്തിനു 34 കോടി രൂപയാണു നീക്കി വച്ചിട്ടുള്ളത്. പഴയ കുടിവെള്ള പദ്ധതികളുടെ പുനരുദ്ധാരണത്തിനും വിവിധ ഉൽപാദന വിതരണ പ്രവർത്തനങ്ങൾക്കും വേണ്ടി 47 കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. പ്രകൃതി ക്ഷോഭങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും കുടിവെള്ളവിതരണം നടത്തുന്നതിനു 6.50 കോടി രൂപയും ബജറ്റിൽ വകകൊള്ളിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിൽ മതിയായ അളവിലും മർദത്തിലും ദിവസം മുഴുവൻ ജലവിതരണം നടത്തുന്നതിനും വിതരണ നഷ്ടം കുറയ്ക്കുന്നതിനും പുനരുദ്ധാരണത്തിനും എഡിബി സഹായത്തോടെ നഗര ജലവിതരണ ശേഷി വർധിപ്പിക്കുന്നതിന് 75 കോടിയും നീക്കി വച്ചിട്ടുണ്ട്. ശുദ്ധജല ഉൽപാദനവും വിതരണവും പരമാവധിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടരുന്നതിന് 47 കോടി രൂപയാണു നീക്കി വച്ചിരിക്കുന്നത്. ജലനിധിയിലൂടെ മഴവെള്ള ഭൂഗർഭജല റീചാർജ് പ്രവൃത്തികൾക്കു 11.50 കോടി രൂപയാണു നീക്കിവച്ചിട്ടുള്ളത്. സാമൂഹിക അധിഷ്ടിത കുടിവെള്ള പദ്ധതിയുടെ സുസ്ഥിര പിന്തുണ ഉറപ്പു വരുത്തുന്നതിനു 29.61 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ശാസ്താംകോട്ട ശുദ്ധജല തടാകം പുനരുജ്ജീവനത്തിനും സംരക്ഷണത്തിനുമായി ഒരു കോടി രൂപയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 610 കോടി രൂപയാണ് ബജറ്റിൽ നീക്കി വച്ചിട്ടുള്ളത്. കെ.എം.മാണി സൂക്ഷ്മ ജലസേചന പദ്ധതിക്കായി 31 കോടി രൂപ ബജറ്റിൽ ഉൾക്കൊള്ളിച്ചതു കർഷകർക്ക് ഏറെ പ്രയോജനകരമാകും. കുട്ടനാട്ടിൽ അടിസ്ഥാന സൗകര്യ പ്രവർത്തനം നബാർഡ് വായ്പ കൂടി ലഭ്യമാക്കുന്ന പദ്ധതിക്ക് 100 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിവാരണ പ്രവൃത്തികൾക്ക് 57 കോടി രൂപയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് ജില്ലയിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണ്.