ADVERTISEMENT

കൊച്ചി ∙ വാരിക്കോരി തന്നില്ലെങ്കിലും എറണാകുളം ജില്ലയെ നിരാശപ്പെടുത്താതെ സംസ്ഥാന ബജറ്റ്. കൊച്ചി മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി രൂപീകരണം മുതൽ ഐടി, ടൂറിസം, ജലം, ഗതാഗതം, വന്യജീവി ആക്രമണം തുടങ്ങിയ മേഖലകളിൽ ജില്ലയെ ഉൾക്കൊള്ളിക്കുന്നതാണു ബജറ്റ്. ടൂറിസം മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്ന 385 കോടി രൂപയുടെ നല്ലൊരു വിഹിതം സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയുടെ കവാടമായ കൊച്ചിക്കു ലഭിക്കും. ഒഴിഞ്ഞു കിടക്കുന്ന വീടുകളെ ടൂറിസം സര്‍ക്യൂട്ടിൽ ഉൾപ്പെടുത്തുന്ന കെ–ഹോം പദ്ധതിയിൽ കോവളം, മൂന്നാർ, കുമരകം എന്നിവയ്ക്ക് ഒപ്പം ഫോർട്ട്കൊച്ചിയുമുണ്ട്. അഞ്ചു കോടി രൂപയുടെ വിഹിതം അങ്ങനെ കൊച്ചിക്കും ലഭിക്കും. ഇതിനുപുറമെ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഹോട്ടലുകള്‍ നിർമിക്കുന്നതിന് 50 കോടി രൂപ വരെ വായ്പ നൽകുന്ന പദ്ധതിയുടെ ഗുണവും കൊച്ചിക്ക് ലഭിക്കും. കൊച്ചി മുസിരിസസ് ബിനാലെയ്ക്കായി ഇത്തവണ 7 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്.

ഉഡാൻ പദ്ധതിയുടെ ഭാഗമായി സീപ്ലെയിൻ ടൂറിസം, ഹെലിപ്പോർട്ടുകൾ, ചെറിയ വിമാനത്താവളങ്ങൾ തുടങ്ങിയവ ആവിഷ്കരിക്കാൻ 20 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. അടുത്തിടെ കൊച്ചിയിൽ‍നിന്ന് ഇടുക്കിയിലേക്കുള്ള സീ പ്ലെയിന്റെ പരീക്ഷണ പറക്കല്‍ വിജയകരമായിരുന്നു. കുസാറ്റിൽ ന്യൂറോ ഡീജനറേഷൻ ആന്‍ഡ് ബ്രെയിൻ ഹെൽത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കാനുള്ള പ്രഖ്യാപനവും കൊച്ചിക്ക് നേട്ടമാണ്. ഇതിനായി 69 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൊച്ചി സുസ്ഥിര നഗരഭൂമി പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമായി ദ്വീപുകൾ ഒഴികെയുള്ള 210 ഹെക്ടർ ഭൂമി സ്വകാര്യ പങ്കാളിത്തത്തോടെ ഏറ്റെടുക്കുമെന്നതാണു ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. ഇൻഫോ പാർക്ക് മൂന്നാം ഘട്ട വികസനമടക്കം ലക്ഷ്യം വച്ചുള്ള ലാൻഡ് പൂളിങ് ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് കരുതുന്നത്. 

എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ‘ഓപ്പറേഷൻ ബ്രേക്ത്രൂ’വിന് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇൻഫോ പാർക്കിന്റെ വികസനത്തിന് 21.60 കോടി രൂപ, ഇന്‍ഫോ പാർക്ക്, സ്മാർട് സിറ്റി എന്നിവിടങ്ങളിലെ ജലവിതരണത്തിന് 9 കോടി രൂപ, പെട്രോ കെമിക്കൽ പാർക്കിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 30 കോടി രൂപ, കിൻഫ്രയ്ക്ക് 346.31 കോടി രൂപ, കിൻഫ്രയുടെ മേൽനോട്ടത്തിൽ കാക്കനാട് നിര്‍മിക്കുന്ന എക്സിബിഷൻ സെന്ററിന് 20 കോടി രൂപ, കൊച്ചി – ബെംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കൊച്ചി–പാലക്കാട് ഹൈടെക് ഇടനാഴിക്ക് 200 കോടി രൂപ, സ്റ്റാർട്ട് അപ് മിഷന്റെ കൊച്ചിയിലുള്ള ടെക്നാളജി ഇന്നൊവേറ്റീവ് സോണിന് 20 കോടി രൂപ തുടങ്ങിയവയും കൊച്ചിയുടെ വികസനത്തെ സഹായിക്കുന്നതാണ്.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് യാത്രാ കപ്പൽ തുടങ്ങാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. യാത്രാ കപ്പലുകൾ, ക്രൂസൂകൾ, ആഡംബര കപ്പലുകൾ തുടങ്ങിയവ വാണിജ്യാടിസ്ഥാനത്തിൽ കേരളത്തിൽ വരുന്നതിനു വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തിൽ 10 കോടി രൂപ അനുവദിച്ചതും കൊച്ചിക്ക് ഗുണകരമാകും. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിന് 289 കോടി രൂപ, സംയോജിത ജലഗതാഗത വികസന പദ്ധതിക്ക് 156 കോടി രൂപ, മറൈൻ ഡ്രൈവിൽ ഭവന നിർമാണ ബോർഡ് നിർമിക്കുന്ന 2,400 കോടി രൂപയുടെ മറൈൻ എക്കോ സിറ്റി, ജിസിഡിഎയുടെ 100 കിടക്കകളുള്ള ഷീ ഹോസ്റ്റൽ പദ്ധതിക്ക് 5 കോടി തുടങ്ങിയ പ്രഖ്യാപനങ്ങളും കൊച്ചിക്കുണ്ട്. എറണാകുളം ജില്ലയുടെ മലയോര മേഖലകൾ നിരന്തരം വന്യമൃഗ ആക്രമണങ്ങൾക്ക് വിധേയമാകുന്നതാണ്. മനുഷ്യ–വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് 70.40 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

English Summary:

Kochi receives substantial funding in the Kerala budget. The allocation covers various sectors, from tourism and infrastructure to technology and addressing wildlife issues.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com