കേന്ദ്രം കനിഞ്ഞില്ലെങ്കിലും 750 കോടിയിൽ ദുരന്തബാധിതർക്ക് പ്രതീക്ഷ; പുനരധിവാസത്തിന് വേണ്ടത് 2221.10 കോടി രൂപ
| Kerala Budget Highlights

Mail This Article
കൽപറ്റ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി 750 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചത് പുനരധിവാസ പ്രവർത്തനം ത്വരിത ഗതിയിലാക്കുമെന്ന പ്രതീക്ഷയിൽ ദുരന്തബാധിതർ. ഉരുൾപൊട്ടലുണ്ടായി ആറു മാസം കഴിഞ്ഞിട്ടും ഗുണഭോക്തൃ പട്ടിക പോലും പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തിൽ ബജറ്റ് പ്രഖ്യാപനം ഏറെ ആശ്വാസം നൽകുന്നതാണ്. 2007 വീടുകൾ തകർന്നുവെന്നാണ് ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞത്. എന്നാൽ എത്ര വീടുകൾ പുനർനിർമിക്കണമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായില്ല.
ആദ്യഘട്ട പുനരധിവാസം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു. മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തില്‍ ആകെ 1202 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനും മേഖലയുടെ പുനര്‍നിര്‍മാണത്തിനും 2221.10 കോടി രൂപ ആവശ്യമായി വരും. കേന്ദ്ര ബജറ്റില്‍ പുനരധിവാസത്തിനായി യാതൊരു സഹായവും അനുവദിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളോട് കാണിച്ച നീതി കേരളത്തോട് കേന്ദ്രം കാണിക്കുമെന്ന് തന്നെയാണ് ഇപ്പോഴും സംസ്ഥാനം പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിലുള്ള നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ധനമന്ത്രി പറഞ്ഞു. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്രബജറ്റില്‍ യാതൊരു പ്രഖ്യാപനവുമുണ്ടാകാത്ത പശ്ചാത്തലത്തില്‍ മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിനായി സംസ്ഥാന ബജറ്റില്‍ എത്ര തുക നീക്കിവയ്ക്കുമെന്നത് നിര്‍ണായകമായിരുന്നു. കൽപറ്റ, മേപ്പാടി എന്നിവിടങ്ങളിൽ കണ്ടെത്തിയ സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 100 കോടി രൂപയിലധികം വേണ്ടിവരുമെന്നാണ് പ്രഥമിക വിലയിരുത്തൽ. ഇത് അന്തിമമല്ല. സ്ഥലവുമായി ബന്ധപ്പെട്ട തർക്കം ഇനിയും തീർന്നിട്ടില്ല. സ്ഥലം ഏറ്റെടുത്താൽ വീടുകൾ നിർമിച്ചു നൽകാമെന്നറിയിച്ച് രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാൽ 1000 സ്ക്വയർ ഫീറ്റ് വീടിനു 30 ലക്ഷം രൂപ വേണ്ടി വരുമെന്ന് അറിയിച്ചതോടെ പലരും പിൻവാങ്ങുന്ന അവസ്ഥയാണ്.
അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതിനിടെ ബജറ്റിൽ 750 കോടി രൂപ നീക്കിവച്ചത് വലിയ പ്രതീക്ഷയാണ് ദുരന്തബാധിതർക്ക് നൽകുന്നത്. ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ച് എത്രയും പെട്ടന്ന് സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് ദുരന്തബാധിതർ.