നിലവിലെ കടം നികത്താൻ പോലും തികയില്ല; വിപണിയിലെ സാഹചര്യം പഠിക്കാതെ തയാറാക്കിയ ബജറ്റ്’

Mail This Article
തിരുവനന്തപുരം ∙ സര്‍ക്കാരിനു നിലവിലുള്ള കടം നികത്താന്‍ പോലും പുതിയ ബജറ്റില്‍ അനുവദിച്ച തുക തികയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ ബജറ്റില്‍ വിവിധ പദ്ധതികള്‍ക്ക് പ്രഖ്യാപിച്ച തുക വന്‍തോതില്‍ വെട്ടിക്കുറച്ചു. 15,000 കോടി രൂപയുടെ പദ്ധതികളാണ് 2024-25 വര്‍ഷത്തില്‍ വെട്ടിച്ചുരുക്കിയത്. നിയമസഭ പാസാക്കിയ ധനാഭ്യര്‍ഥനകള്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നിയമവിരുദ്ധമായി വെട്ടിച്ചുരുക്കുകയായിരുന്നെന്നും സതീശൻ പറഞ്ഞു.
കൃത്യമായ ഘടനയില്‍ തയാറാക്കാതെയാണ് ബജറ്റ് അവതരിപ്പിച്ചത്. പലതും വീണ്ടും ആവര്‍ത്തിച്ച് പറയുന്ന സ്ഥിതിയുണ്ടായി. യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണിത്. 170 രൂപയുണ്ടായിരുന്ന റബ്ബറിന്റെ തറവില പത്തു രൂപകൂട്ടി 180 രൂപയാക്കിയെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇന്ന് വിപണിയില്‍ റബ്ബറിന് തറവില 208 രൂപയാണ്. വിപണിയിലെ സാഹചര്യം പോലും പഠിക്കാതെയാണ് ബജറ്റ് തയാറാക്കിയതെന്നും സതീശൻ കുറ്റപ്പെടുത്തി.
ലൈഫ് മിഷന്‍ പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച 500 കോടിയില്‍ 24 ശതമാനം മാത്രമാണ് ചെലവാക്കിയത്. പിന്നെ, എന്താണ് ബജറ്റിന്റെ വിശ്വാസ്യത. പല സ്ഥാപനങ്ങളുടെയും പദ്ധതികളുടേയും കടം നികത്താന്‍ പോലും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന തുക തികയില്ല. കടം തീര്‍ത്താല്‍ പിന്നെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ തുക ഉണ്ടാവില്ല. യാതൊരു പ്രസക്തിയും ഈ ബജറ്റിനില്ല. കാരണം അത്രയേറെ സാമ്പത്തിക ബാധ്യതയിലാണ് സര്‍ക്കാരെന്നും സതീശൻ പറഞ്ഞു.
സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക അവസ്ഥയെ കുറിച്ചും ധനസ്ഥിതിയെ കുറിച്ചും യാതൊരു പരിഗണനയുമില്ലാത്ത പൊള്ളയായ ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.