ADVERTISEMENT

കൊച്ചി ∙ മുണ്ടക്കൈ–ചൂരമൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനും പുനർനിർമാണത്തിനും കേന്ദ്രം സഹായിക്കുന്നതു വരെ സംസ്ഥാന സർക്കാർ കാത്തിരിക്കേണ്ടതില്ലെന്നു ഹൈക്കോടതി. ഇക്കാര്യത്തിൽ അനിശ്ചിതമായി കാത്തിരിക്കാൻ സംസ്ഥാന സർക്കാരിനു കഴിയില്ല. ലഭ്യമായ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ‍ തുടങ്ങണം. ആ ഫണ്ടിന്റെ 75 ശതമാനം ചിലവഴിച്ച ശേഷം കേന്ദ്രത്തിനു വിശദീകരണ പത്രിക നൽകി കേന്ദ്രത്തിൽ നിന്നു തുടർസഹായം ആവശ്യപ്പെടാമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, എസ്.ഈശ്വരൻ എന്നിവരുടെ ബെ‍ഞ്ച് വ്യക്തമാക്കി. 2,000 കോടി രൂപയുടെ പാക്കേജിൽ കേന്ദ്രം ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലെന്നത് അമിക്കസ് ക്യൂറി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നായിരുന്നു കോടതിയുടെ പരാമർശം.

പുനരധിവാസത്തിനും പുനർനിർമാണ പ്രവർത്തനങ്ങൾക്കും സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്താനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ടെന്നു കേന്ദ്രവും ഇന്നു കോടതിയിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ കേന്ദ്രത്തിന് എന്താണ് ചെയ്യാൻ കഴിയുക എന്നതു പരിശോധിച്ച് അറിയിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഉൾപ്പെടെയുള്ള ഫണ്ട് പുനർനിർമാണത്തിനും പുനരധിവാസത്തിനുമായി ഉപയോഗിക്കുമെന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കി. എൻഡിആർഎഫിലെ 120 കോടി രൂപ സ്കൂളുകൾ, പാലങ്ങൾ തുടങ്ങിയവയുടെ പുനർനിർമാണത്തിനും പുനരധിവാസത്തിനും ഉപയോഗിക്കും. ചിലവഴിക്കുന്ന തുകയ്ക്ക് കൃത്യമായ ഓഡിറ്റ് സൂക്ഷിക്കാനും കോടതി നിർദേശിച്ചു.

ദുരിതബാധിതരുടെ ബാങ്ക് വായ്പകൾ പൂർണമായിട്ടില്ലെങ്കിലും നിശ്ചിത തുകയെങ്കിലും എഴുതിത്തള്ളുന്നതു പരിഗണിക്കണമെന്നു ഹൈക്കോടതി കേന്ദ്രത്തോട് നിർദേശിച്ചു. എന്നാൽ കേന്ദ്ര ധനമന്ത്രാലയത്തിനു ബാങ്കുകളെ വിശ്വാസത്തിലെടുക്കേണ്ടതുണ്ടെന്നു കേന്ദ്ര സർക്കാർ പറഞ്ഞു. ബാങ്കുകളെ നഷ്ടത്തിലാക്കാനാകില്ല. കോവിഡ് കാലത്തു പോലും വായ്പകൾ എഴുതിത്തള്ളിയിട്ടില്ല. മോറട്ടോറിയമാണു നൽകിയതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ കോവിഡിന് താൽക്കാലികമായ ബിസിനസ് നഷ്ടമാണുണ്ടായതെന്നു കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ ഇവിടെ ജനങ്ങൾക്ക് അവരുടെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുകയാണു ചെയ്തത്. നിശ്ചിത പരിധിവച്ച് വായ്പ എഴുതിത്തള്ളുന്നത് ചെറുകിട വായ്പ എടുത്തവർക്കു സഹായകമാകും. ദുരന്തത്തിന്റെ ഏറ്റവും കൂടുതൽ ആഘാതം അനുഭവിച്ചവർ അവരാണെന്നും കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപ് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും കോടതി നിർദേശം നൽകി. തുടർന്നു നിലപാട് അറിയിക്കാൻ കേന്ദ്രം സമയം തേടിയതിനെ തുടർന്ന് ഹർജി 21ന് പരിഗണിക്കാൻ മാറ്റി.

English Summary:

Wayanad Landslides: The Kerala High Court ordered immediate rehabilitation efforts using state funds, urging the central government to expedite financial assistance and consider loan waivers for affected individuals.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com