ADVERTISEMENT

തിരുവനന്തപുരം∙ സാമൂഹികക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നതടക്കം പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ഒന്നും ഇല്ലാതെ ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ 200 രൂപയെങ്കിലും വർധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇത്തരത്തിലുള്ള സൂചനകൾ ധനമന്ത്രിയും നൽകിയിരുന്നു. എന്നാൽ ക്ഷേമ പെൻഷന്റെ മൂന്നു മാസത്തെ കുടിശിക സമയബന്ധിതമായി നൽകുമെന്ന് മാത്രമായിരുന്നു ബജറ്റിൽ ധനമന്ത്രി പറഞ്ഞത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും. ഭൂനികുതി 50 ശതമാനം വര്‍ധിപ്പിക്കുകയും  ചെയ്തു. കോടതി ഫീസും വർധിപ്പിച്ചു.

കേരളത്തിൽ ആൾതാമസമില്ലാതെ കിടക്കുന്ന വീടുകളുടെ സാധ്യതകൾ പരമാവധി മനസ്സിലാക്കി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കെ ഹോംസ് പദ്ധതി ധനമന്ത്രി അവതരിപ്പിച്ചു. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽനിന്ന് നടത്തിപ്പു രീതികൾ സ്വീകരിച്ച് മിതമായ നിരക്കിൽ താമസസൗകര്യമൊരുക്കുന്നതാണ് ഇത്. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകും.ഫോർട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 5 കോടി രൂപ വകയിരുത്തി.

വിഴിഞ്ഞത്തെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കും. തീരദേശപാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. ഉള്‍നാടന്‍ ജലഗതാഗത്തിന് 500 കോടി രൂപയാണ് മാറ്റിവച്ചത്. കൊല്ലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും. ആരോഗ്യമേഖലയ്ക്ക് 10431.73 കോടി രൂപ അനുവദിച്ചു. കാരുണ്യ പദ്ധതിക്കായി 700 കോടി രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപ വകയിരുത്തി. കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കാൻ 50 കോടി രൂപയും പ്രഖ്യാപിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി. ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപയും നൽകും. വ്യവസായങ്ങള്‍ക്കുള്ള ഭൂമിക്കായി ക്ലിക്ക് പോര്‍ട്ടല്‍ അവതരിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോകകേരള കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി 5 കോടി രൂപ അനുവദിച്ചു. കൊച്ചി മെട്രോയുടെ വികസനം തുടരുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി അതിവേഗ റെയില്‍പാതയ്ക്ക് ശ്രമം തുടരുമെന്നും പറഞ്ഞു.

സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. ശമ്പളപരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. പിഎഫില്‍ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ കെ.എൻ. ബാലഗോപാൽ പറഞ്ഞു.

English Summary:

Kerala Government Budget 2025 Highlights

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com