‘അന്വേഷണം തടയാനാകില്ല’: ഹേമ കമ്മിറ്റിയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് റദ്ദാക്കില്ലെന്ന് സുപ്രീം കോടതി

Mail This Article
ന്യൂഡൽഹി ∙ ഹേമ കമ്മിറ്റിക്കു മുൻപാകെ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള കേസന്വേഷണം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. മൊഴികളിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ നിർമാതാവ് സജിമോൻ പാറയിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയ രണ്ടു നടിമാരും കേസന്വേഷണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇവ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.
കുറ്റകൃത്യം സംബന്ധിച്ചു വിവരം ലഭിച്ചാൽ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാൻ പൊലീസിനു ബാധ്യതയുണ്ടെന്ന് ജഡ്ജിമാരായ വിക്രംനാഥ്, സഞ്ജയ് കാരോൾ, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. കേസന്വേഷണം നടത്താനുള്ള പൊലീസിന്റെ അധികാരം തടയുംവിധം നിർദേശം നൽകാനാകില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
കേസന്വേഷണം കേരള ഹൈക്കോടതിയുടെ മേൽനോട്ടത്തിലായതിനാൽ മൊഴി നൽകിയവർക്കുൾപ്പെടെയുള്ള പരാതികൾ ഹൈക്കോടതി മുൻപാകെ ഉന്നയിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. അവ ഹൈക്കോടതി പരിശോധിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. വ്യക്തമായ തെളിവുകൾ ശേഖരിച്ചു തന്നെയാണോ അന്വേഷണ സംഘം കേസെടുത്തതെന്ന കാര്യവും ഹൈക്കോടതി പരിശോധിക്കണം. പ്രത്യേക അന്വേഷണ സംഘം തങ്ങളെ അപമാനിക്കുന്നുവെന്നതുൾപ്പെടെയുള്ള ആരോപണം മൊഴി നൽകിയ നടിമാർ ഉന്നയിച്ചിരുന്നു. ഇക്കാര്യം ഉൾപ്പെടെ ഹൈക്കോടതി പരിശോധിക്കണം.
കേസ് അന്വേഷണവും തുടർ നടപടികളും ആഗ്രഹിച്ചല്ല മൊഴി നൽകിയതെന്നും അക്കാദമിക് താൽപര്യത്തോടെയാണ് ഹേമ കമ്മിറ്റി മുൻപാകെ റിപ്പോർട്ട് നൽകാൻ തയാറായതെന്നുമായിരുന്നു നടിമാരിൽ ഒരാൾ കോടതിയെ അറിയിച്ചത്. എന്നാൽ, ഈ വാദങ്ങളൊന്നും അംഗീകരിക്കാതെയാണ് കേസന്വേഷണത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളിയത്.