ഇലക്ട്രിക് വാഹനപ്രേമികൾ കൂടുന്നു; അതിനിടെ നികുതി കൂട്ടൽ, തിരിച്ചടിയാകുമെന്ന് വ്യാപാരികൾ

Mail This Article
തിരുവനന്തപുരം∙ കേരളത്തില്‍ കൂടുതല്‍ ആളുകള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കു താല്പര്യം പ്രകടിപ്പിക്കുന്നതിനിടയില്‍ നികുതി വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ഇലക്ട്രിക് വാഹന വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നു വിപണനരംഗത്തുള്ളവര്‍ പറയുന്നു. 5 വര്‍ഷങ്ങള്‍ക്കു മുന്‍പ് വാഹനവിലയ്ക്ക് അനുസരിച്ചുള്ള നികുതിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. അന്നു 20 ശതമാനമാണു നികുതി ചുമത്തിയിരുന്നത്. എന്നാല്‍ തമിഴ്നാട്ടിലും കര്‍ണാടകയിലും ഇപ്പോഴും ഇലക്ട്രിക്ക് കാറുകള്‍ക്കു റോഡ് നികുതി ഈടാക്കുന്നില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു പ്രശ്നം അറിയിച്ചപ്പോള്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമായും ഗതാഗത സെക്രട്ടറി കെ.ആര്.ജ്യോതിലായുമായി ആലോചിച്ചു നികുതി 5 ശതമാനമായി കുറയ്ക്കുകയായിരുന്നുവെന്നു വ്യാപാരികള്‍ പറയുന്നു. അതാണ് ഇപ്പോള്‍ 15 ലക്ഷത്തിനു മുകളില്‍ 8 ശതമാനവും 20 ലക്ഷത്തിനു മുകളില്‍ 10 ശതമാനവുമായി വര്‍ധിപ്പിച്ചിരിക്കുന്നത്. കേന്ദ്രബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണു സംസ്ഥാന സര്‍ക്കാര്‍ നികുതി വര്‍ധന നടപ്പാക്കിയിരിക്കുന്നത്.
2024 ഒക്ടോബറിലെ കണക്കനുസരിച്ചു രണ്ടു ലക്ഷത്തോളം ഇലക്ട്രിക് വാഹനങ്ങളാണു കേരളത്തില്‍ റജിസ്റ്റര്‍ ചെയ്തത്. 2023ല്‍ 75,802 വാഹനങ്ങളും 2022ല്‍ 39,623 വാഹനങ്ങളുമാണ് റജിസ്റ്റര്‍ ചെയ്തിരുന്നത്. 2020ല്‍ 1,368 വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്തിരുന്ന കാലത്തുനിന്നാണ് ഈ വളര്‍ച്ച. 2024 അവസാനത്തോടെ 2020നോടു താരതമ്യം ചെയ്യുമ്പോള്‍ 40 ശതമാനത്തോളം വളര്‍ച്ചയാണ് ഉണ്ടായത്. ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുന്നതില്‍ രാജ്യത്തു കേരളം ആണ് ഏറ്റവും മുന്നില്‍ എന്നാണു കണക്ക്. ഇതിനിടയിലാണു പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതു പോലെ ഇലക്ട്രിക് വാഹനങ്ങള്‍ക്കു സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിരിക്കുന്നതെന്നാണ് വ്യാപാരികളുടെ പരാതി.