ADVERTISEMENT

കോട്ടയം∙ കേരളത്തിന്റെ എഐ സ്വപ്നങ്ങൾക്ക് ബജറ്റിന്റെ ലോഞ്ച് പാഡ്. എഐ മേഖലയിൽ കേരളത്തെ പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിന് തിരുവനന്തപുരത്ത് ലോകോത്തര ജിപിയു (ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ്) ക്ലസ്റ്റർ കൊണ്ടുവരുമെന്നും വിവിധ മേഖലകളിൽ ഏജന്റിക് എഐയുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനു ദേശീയതലത്തിൽ ഹാക്കത്തോൺ സംഘടിപ്പിക്കും എന്നുമാണു ബജറ്റിലെ പ്രഖ്യാപനങ്ങൾ.

850 കോടി രൂപ ചെലവിൽ ഓപ്പൺ എഐ രൂപപ്പെടുത്തിയിരുന്ന ജിപിടി–4 മോഡലിനെ വെല്ലുവിളിച്ച് ചൈനീസ് കമ്പനി വെറും 50 കോടി രൂപ ചെലവിൽ വികസിപ്പിച്ച ഡീപ്‌സീക് വലിയ തരംഗം സൃഷ്ടിച്ച വാർത്ത ഓർമിപ്പിച്ചാണ് ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ എഐ വികസനത്തിനായി 11 കോടി രൂപ നീക്കിവച്ചത്. ജിപിയു ക്ലസ്റ്റർ തുടങ്ങാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയും ഏജന്റിക് എഐ ഹാക്കത്തോൺ സംഘടിപ്പിക്കാനും മികച്ച 5 ഏജന്റുകൾ നിർമിക്കാൻ 20 ലക്ഷം രൂപ വീതം സഹായം നൽകുന്നതിന് സ്റ്റാർട്ടപ്പ് മിഷൻ രൂപീകരിക്കാൻ ഒരു കോടി രൂപയുമാണ് അനുവദിക്കുന്നത്. 

എന്താണ് ജിപിയു ? യുവാക്കൾക്ക് തൊഴിൽ ദാതാവാകുമോ ? 

സിപിയു ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾക്ക് ഒരു സമയം ഒരു ജോലി മാത്രമാണ് ചെയ്യാൻ കഴിയുന്നതെങ്കിൽ ഒരേ സമയം ഒന്നിലധികം ജോലികൾ (ടാസ്കുകൾ) ചെയ്യാൻ ജിപിയുവിനാകും. ശാസ്ത്ര–സാങ്കേതിക, പ്രതിരോധ മേഖലകളിലെ കംപ്യൂട്ടേഷനും സിനിമ, കംപ്യൂട്ടർ ഗെയിം മേഖലകളിലും ഉപയോഗിക്കുന്ന ജിപിയുവിന്റെ പ്രാധാന്യം എഐയുടെ വരവോടെ കുത്തനെ ഉയർന്നിട്ടുണ്ട്. ഗ്രാഫിക്സ് മേഖലയിൽ ചിത്രങ്ങളും വിഡിയോകളും എളുപ്പത്തിൽ വ്യക്തതയോടെ ലഭിക്കാനാണു ജിപിയു ഉപയോഗിക്കുന്നത്. തലസ്ഥാനത്ത് ജിപിയു ‌ക്ലസ്റ്ററുകൾ വരുന്നതോടെ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും യുവാക്കൾക്കു  തൊഴിലവസരങ്ങൾ ഉറപ്പാക്കാനും ആകുമെന്നു മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുന്നു.

സംസ്ഥാനത്ത് ജിപിയു ക്ലസ്റ്റർ സ്ഥാപിക്കുമെന്ന ബജറ്റ് തീരുമാനം തീർത്തും സ്വാഗതാർഹമാണെന്നും ഇത് വളരെ നേരത്തെ കൊണ്ടുവരേണ്ടതായിരുന്നെന്നും കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് റിസർച്ചിലെ ശാസ്ത്രജ്ഞനും എഐ വിദഗ്ധനുമായ ഡോ. ജാഫറലി പാറോൽ പറഞ്ഞു. ഒരു ക്ലൗഡ് ബേസ്ഡ് ജിപിയു കേരള സർക്കാരിനുണ്ടെങ്കിൽ ലോകത്തെവിടെയിരുന്നും എഐയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നമുക്ക് ഏകോപിപ്പിക്കാനാകും. വലിയ ചെലവുള്ള സംവിധാനമായതിനാൽ സർക്കാർ തലത്തിൽ മാത്രമാണു നിലവിലെ സാഹചര്യത്തിൽ ജിപിയു ക്ലസ്റ്റർ പ്രായോഗികമാകുക. ക്ലസ്റ്റർ വരുന്നതോടെ ജിപിയു അപ്രാപ്യമാകുമായിരുന്ന സ്വകാര്യ സംരംഭങ്ങൾക്കും കമ്പനികൾക്കും താങ്ങാനാകുന്ന ചെലവിൽ അതിനൂതന സംവിധാനം ഉപയോഗിക്കാനാകും. എഐ ഗവേഷണത്തിൽ കാര്യമായ സംഭാവന നൽകാൻ വഴിയൊരുക്കുന്ന തീരുമാനമാണു ജിപിയു ക്ലസ്റ്റർ കൊണ്ടുവരുന്നതിലൂടെ സർക്കാർ ചെയ്തതെന്നും ജാഫറലി പാറോൽ പറഞ്ഞു.

എന്താണ് ഏജന്റിക് എഐ,

പരമ്പരാഗത എഐ മോഡലുകളിൽനിന്ന് വ്യത്യസ്തമായി സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുക്കാനും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും അനുഭവങ്ങളിൽനിന്നു പാഠമുൾക്കൊണ്ട് ഭാവിയിൽ ഉപയോഗിക്കാനും കഴിയുമെന്ന് അവകാശപ്പെടുന്ന എഐയുടെ വികസിത രൂപമാണ് ഏജന്റിക് എഐ. ഉദാഹരണത്തിന് ചാറ്റ് ജിപിടി പോലെയുള്ള നിലവിലെ എഐ സങ്കേതങ്ങൾ പ്രവർത്തിക്കുന്നത് നമ്മൾ നൽകുന്ന നിർദേശങ്ങളുടെ (പ്രോംപ്റ്റ്) അടിസ്ഥാനത്തിലാണെങ്കിൽ ഏജന്റിക് എഐ സ്വന്തം നിലയിൽ കാര്യങ്ങൾ അപഗ്രഥിച്ച് തീരുമാനങ്ങളെടുക്കാൻ പ്രാപ്തമാണെന്നാണ് അവകാശപ്പെടുന്നത്. ഇത്തരത്തിൽ  ഏജന്റിക് എഐ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ഹാക്കത്തോൺ സംഘടിപ്പിച്ചു മികച്ച 5 മോഡലുകൾ തിരഞ്ഞെടുത്തു പരീക്ഷിക്കാനാണു സർക്കാർ നീക്കം. കേരളത്തെ സംബന്ധിച്ച് ഏജന്റിക് എഐ കാലാവസ്ഥ, ഭൗമമാറ്റം, ആരോഗ്യം, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായകമാകുന്നതാണ് ഏജന്റിക് എഐ എന്നും ‍‍ഡോ. ജാഫറലി അഭിപ്രായപ്പെട്ടു.

ഉദാഹരണത്തിന് വയനാട് ദുരന്തം സംഭവിക്കുന്നതിനു മുമ്പ് അവിടുത്തെ ഭൂമിയിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇത്രയും മനുഷ്യരുടെയും ജന്തുക്കളുടെയും ജീവൻ നഷ്ടപ്പെടാതെ കാക്കാമായിരുന്നു. ഏജന്റിക് എഐ പോലെയുള്ള സംവിധാനങ്ങളുണ്ടായിരുന്നെങ്കിൽ അങ്ങനെയൊരു മുന്നറിയിപ്പ് ലഭിക്കുകയും നമുക്ക് വേണ്ട നടപടികളെടുക്കാൻ കഴിയുകയും ചെയ്യുമായിരുന്നു. അടുത്തിടെ ഏജന്റിക് എഐ സാങ്കേതികവിദ്യ കൂടി ഉപയോഗിച്ച് കുവൈത്തിൽ എന്റെ നേതൃത്വത്തിൽ ഒരു പാലം നിർമിച്ചിരുന്നു. പാലത്തിന് എന്തെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളുണ്ടായാൽ ഏജന്റിക് എഐ മുന്നറിയിപ്പു നൽകുന്ന വിധത്തിലാണ് അതിന്റെ നിർമാണം. ഇത്തരത്തിൽ അടിസ്ഥാന സൗകര്യ വികസനമേഖലയിലും പരീക്ഷിക്കാവുന്ന ഒന്നാണിത്.

ആരോഗ്യ മേഖലയിലും ഏജന്റിക് എഐയ്ക്ക് സാധ്യതകളുണ്ട്. രോഗിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും വളരെ വേഗത്തിൽ ശ്രദ്ധയിൽപ്പെടുത്താനും പരിഹാരം കണ്ടെത്താനും നന്നായി പരീക്ഷിക്കപ്പെട്ട് വിജയിപ്പിച്ച ഏജന്റിക് എഐ മാതൃകയ്ക്ക് കഴിയും. വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിൽ ഓരോ വ്യക്തിയുടെയും സ്വഭാവ സവിശേഷതകളും കഴിവുകളും അനുസരിച്ചുള്ള സർവീസുകൾ നൽകാൻ ദാതാക്കളെയും പഴ്സനലൈസ്ഡ് സർവീസ് ലഭിക്കാൻ ഉപയോക്താക്കൾക്കും ഏജന്റിക് എഐ വഴിയൊരുക്കും. എഐ മേഖലയിൽ മുന്നേറാനായാൽ വലിയ വികസനമാകും കേരളത്തെ കാത്തിരിക്കുന്നത്.

English Summary:

AI investment: Kerala's AI investment focuses on establishing a world-class GPU cluster and an Agentic AI hackathon.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com