ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തെ പൂര്‍ണമായി മറന്ന് സംസ്ഥാനത്തിന്റെ പേര് പോലും പരാമര്‍ശിക്കാതെയാണ് കേന്ദ്രബജറ്റ് അവതരിപ്പിച്ചതെന്നു കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കേരളത്തോടു നിരന്തരമായി കാണിക്കുന്ന അവഗണനയ്‌ക്കെതിരെ സംസ്ഥാനത്തുടനീളം കേന്ദ്രവിരുദ്ധ സമരം സംഘടിപ്പിക്കുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ബ്രൂവറി സ്ഥാപിക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും എതിര്‍പ്പുകള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്പിരിറ്റ് ലോബിയാണ് ബ്രൂവറിക്കെതിരെ രംഗത്തുവന്നത്. കേരളത്തിന് ആവശ്യമായ സ്പിരിറ്റ് ഇവിടെത്തന്നെ ഉല്‍പാദിപ്പിക്കാന്‍ കഴിയണം. കുറേ ആളുകള്‍ക്കു ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. 

കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള നീക്കത്തെ അനുകൂലിച്ചാണ് എം.വി.ഗോവിന്ദന്‍ സംസാരിച്ചത്. 90,000 കോടി രൂപയുടെ പദ്ധതിയുമായാണ് കിഫ്ബി മുന്നോട്ടുപോകുന്നത്. എടുക്കുന്ന വായ്പ തിരിച്ചടയ്ക്കാന്‍ മാര്‍ഗം കാണേണ്ടിവരും. അതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ടോള്‍ പിരിവ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ വിശദമായ ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

‘‘കേന്ദ്രബജറ്റില്‍ വിഴിഞ്ഞം തുറമുഖത്തിനായി ഒരു പൈസ പോലും വകയിരുത്തിയില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായത്. പുനരധിവാസവുമായി ബന്ധപ്പെട്ട് വലിയ ബാധ്യത വരുന്ന പദ്ധതിയെ കേന്ദ്രം അവഗണിച്ചത് കേരളത്തോടുള്ള മനുഷ്യത്വരഹിതമായ യുദ്ധപ്രഖ്യാപനമാണ്. എയിംസ് പോലുള്ള സ്ഥാപനങ്ങള്‍ വേണമെന്ന കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ചില്ല. റെയില്‍വേ വികസനത്തിനും ഫണ്ട് നല്‍കിയിട്ടില്ല. കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നതും കടമെടുപ്പു പരിധി വര്‍ധിപ്പിക്കാന്‍ തയാറാകാത്തതും കേരളത്തോടുള്ള ദ്രോഹമാണ്. റബറിന് വിലസ്ഥിരതാ ഫണ്ട് രൂപീകരിക്കാനുള്ള നടപടിയും ഇല്ല. ബിഹാറിനു വേണ്ടിയാണ് ഇത്തവണ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ അര്‍ഹമായ തുക കേരളത്തിനു ലഭിച്ചിട്ടില്ല. ഇതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ നടത്തിയ പ്രതികരണം കാടത്തമാണ്.’’ – എം.വി.ഗോവിന്ദന്‍ പറഞ്ഞു. 

‘‘കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ 19 മുതല്‍ 23 വരെ ഏരിയാ അടിസ്ഥാനത്തില്‍ ജാഥകള്‍ നടത്തും. 25ന് ജില്ലാകേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ ഉപരോധിക്കും. കേരളത്തെ ഇന്ത്യയുടെ ഭാഗമായി കണക്കാക്കാന്‍ കൂട്ടാക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുന്ന രീതിയില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിച്ച് കേരളവികാരം ഉണര്‍ത്താനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.’’ – എം.വി.ഗോവിന്ദൻ വ്യക്തമാക്കി 

ഡല്‍ഹിയില്‍ ബിജെപി ജയിക്കാന്‍ കാരണം എഎപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതുകൊണ്ടാണെന്നും എം.വി.ഗോവിന്ദന്‍ കൂട്ടിച്ചേർത്തു. കോണ്‍ഗ്രസിന്റെ നിലപാട് ഇന്ത്യ മുന്നണിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ഹരിയാനയിലും ഇതു തന്നെയാണ് ഉണ്ടായതെന്നും ഗോവിന്ദന്‍ പറഞ്ഞു.

English Summary:

CPM Condemns Budget's Neglect of Kerala: CPI(M) protests target Central Government's neglect of Kerala. MV Govindan announced state-wide protests against the Union Budget's failure to address Kerala's needs, including the Vizhinjam port and flood relief.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com