കേജ്‌രിവാളിന്റെ ‘തലയ്ക്കു പിടിച്ചത്’ മദ്യനയം ; മിഡിൽ ക്ലാസ് ബജറ്റിന്റെ ലക്ഷ്യം ഇതായിരുന്നോ? ബിജെപിയുടെ ‘ദില്ലി ചലോ’ ഇങ്ങനെ Delhi Assembly Election Result 2025

Mail This Article
ന്യൂഡൽഹി ∙ കാൽനൂറ്റാണ്ടിനു ശേഷം തലയെടുപ്പോടെ തലസ്ഥാനം തിരിച്ചു പിടിച്ച് ബിജെപി. ഡൽഹിയിൽ തുടങ്ങി പഞ്ചാബും പിടിച്ചെടുത്ത് മുന്നേറിയ എഎപിയുടെ അശ്വമേധത്തിനു തിരിച്ചടി. ലോക്സഭയിലും സംസ്ഥാനങ്ങളിലും ജയിച്ചു മുന്നേറിയ ബിജെപിയുടെ ജൈത്രയാത്രയിൽ കല്ലുകടിയായിരുന്നു തലസ്ഥാനത്ത് അരവിന്ദ് കേജ്‌രിവാളിന്റെ വെല്ലുവിളി. കേജ്‌രിവാളിനെയും എഎപിയെയും ഉന്നമിട്ട് മാസങ്ങളായി ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണ് ആപ്പിന്റെ പതനത്തിനു വഴിയൊരുക്കിയത്. കോൺഗ്രസ് എന്ന ഗോലിയാത്തിനെ അടിച്ചിട്ട് 11 വർഷത്തോളം അധികാരത്തിലിരുന്ന എഎപി ഇനി അധികാര രാഷ്ട്രീയത്തിനു പുറത്ത്. മോദി മാജിക്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ നേടിയെടുത്ത വൻവിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ആവർത്തിച്ചു. കാൽനൂറ്റാണ്ട് അധികാരത്തിൽനിന്നു പുറത്തു നിന്നതിനു ശേഷം ബിജെപി തിരിച്ചുവരവ് നടത്തിയ നിർണായക തിരഞ്ഞെടുപ്പ് കൂടിയായി മാറുകയാണ് ഡൽഹിയിലേത്.
∙ അന്ന് തർക്കങ്ങളിൽ കളഞ്ഞുകുളിച്ച ഡൽഹി ഭരണം
1993 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപി ആദ്യമായി ഡൽഹിയിൽ അധികാരത്തിൽ എത്തിയത്. അന്ന് 70ൽ 49 സീറ്റെന്ന മികച്ച ഭൂരിപക്ഷം ബിജെപിക്കു ലഭിച്ചിരുന്നു. മദൻ ലാൽ ഖുറാനയുടെ നേതൃത്വത്തിലായിരുന്നു ആ വിജയം. മാതൃകാഭരണം കാഴ്ചവയ്ക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും പാർട്ടിയിലെ പടലപിണക്കങ്ങൾ മൂലം ഭരണം തുടക്കത്തിലേ പാളി. തർക്കം തീർക്കാൻ 1996 ൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഖുറാനയ്ക്കു പകരം സാഹിബ് സിങ് വർമയെത്തി. 1998ൽ വീണ്ടും തല മാറി. നിയമസഭയിൽ അംഗമല്ലാതിരുന്ന സുഷമ സ്വരാജിനായിരുന്നു മുഖ്യമന്ത്രി നിയോഗം. കേന്ദ്രമന്ത്രി പദവി രാജിവച്ച സുഷമ 52 ദിവസം അധികാരത്തിലിരുന്നു. പിന്നാലെ ഷീലാ ദീക്ഷിത് യുഗത്തിലേക്ക് തലസ്ഥാനം വഴിമാറി. പൊലീസ് ഓഫിസർ ആയിരുന്ന കിരൺ ബേദിയെ വരെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു നോക്കിയെങ്കിലും ബിജെപിക്ക് ഭരണത്തിൽ എത്താൻ കഴിഞ്ഞില്ല.
∙ മോദിയുടെ തേരോട്ടം തടഞ്ഞ കേജ്‌രിവാൾ
2014ൽ മോദി അധികാരത്തിൽ എത്തിയെങ്കിലും ഡൽഹി ഭരണം ബാലികേറാമലയായി തുടർന്നു. 2014, 2019, 2024 പൊതുതിരഞ്ഞെടുപ്പുകളിൽ ഡൽഹിയിലെ മുഴുവൻ ലോക്സഭാ മണ്ഡലങ്ങളിലും വിജയിച്ച ബിജെപിക്കു പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിൽ ആ മികച്ച വിജയം ആവർത്തിക്കാൻ സാധിച്ചിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് വൻ പ്രഖ്യാപനങ്ങളുമായി എഎപിയും കേജ്‌രിവാളും രംഗത്തെത്തുന്നതോടെ ലോക്സഭാ – നിയമസഭാ വോട്ടിങ് പാറ്റേണിലും ഈ വ്യത്യാസം പ്രകടമായി. എന്നാൽ ഇക്കുറി ബിജെപി അതും വരുതിയിലാക്കി. തുടർച്ചയായ അഴിമതി ആരോപണങ്ങളിൽ മുങ്ങിയ എഎപിയെ ജനങ്ങൾ കൈവിട്ടു. പതിനൊന്നു വർഷം അധികാരത്തിലിരുന്നതോടെ, ശക്തമായ ഭരണവിരുദ്ധ വികാരം എഎപിക്കെതിരെ ആഞ്ഞടിച്ചു. ഔട്ടർ ഡൽഹിയിലും മറ്റുമായി മധ്യവർഗത്തിന്റെ വോട്ടുറപ്പിക്കാൻ ബിജെപിക്ക് ഇതിലൂടെ സാധിച്ചു.
∙ മിഡിൽ ക്ലാസ് ബജറ്റ്, അഴിമതിക്കാർക്ക് അഴി, ആപ്പിനു നില തെറ്റിയത് ഇങ്ങനെ
ഇതിനുപുറമെയായിരുന്നു മൂന്നാം മോദി സർക്കാരിന്റെ ബജറ്റ് അവതരണം. എഎപിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരുന്നു നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. മധ്യവർഗത്തെ കൂടെനിർത്തുന്ന ജനപ്രിയ ബജറ്റെന്ന രീതിയിൽ വലിയ പ്രചാരണം ഡൽഹിയിൽ ബിജെപി നടത്തി. മദ്യനയ അഴിമതി മുതൽ യമുനയിലെ വിഷജല പരാമർശം വരെ ബിജെപി ആയുധമാക്കി. അഴിമതിക്കെതിരെ ഒരിക്കൽ ശക്തമായ നിലപാടു സ്വീകരിച്ച പാർട്ടി തന്നെ രാജ്യം കണ്ട ഏറ്റവും വലിയ മദ്യനയ അഴിമതിയിൽ പ്രതിക്കൂട്ടിലായതോടെ ബിജെപി അവസരം നന്നായി മുതലെടുത്തു. അതേസമയം, ഡൽഹി ഭരണം പിടിച്ചെടുത്ത ബിജെപിയുടെ മുന്നിലെ അടുത്ത കടമ്പ മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുക്കും എന്നതാണ്. ഡൽഹി ബിജെപി അധ്യക്ഷനായ വീരേന്ദ്ര സച്ദേവ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.