‘6 മാസത്തിനുള്ളിൽ സ്കൂട്ടർ എന്നു പറഞ്ഞ് പറ്റിച്ചു, മാല പണയം വച്ച് പണം നൽകി, ആ പൈസയെങ്കിലും കിട്ടുമോ?’

Mail This Article
കൊച്ചി ∙ ‘‘ഈ പാവങ്ങളുടെ പൈസ തട്ടിച്ചെടുത്തിട്ട് അവരെങ്ങനെയാ ജീവിക്കുന്നത്? അതോ അവർക്കിതൊന്നും പ്രശ്നമല്ലേ? പലിശയ്ക്ക് പോലും പൈസ എടുത്തു കൊടുത്തവരെയാണ് പറ്റിച്ചിരിക്കുന്നത്? ഞാൻ ഉള്ള മാല പണയം വച്ചിട്ട് പൈസ കൊടുത്തതാണ്. കിടന്നാൽ ഉറക്കം പോലും വരില്ല, വണ്ടിയൊന്നും വേണ്ട, ഞങ്ങളുടെ കൈയിൽ നിന്ന് വാങ്ങിച്ച പൈസ തിരിച്ചു തന്നാൽ മതി. പൈസ പോയവർ പരാതി നൽകിയതാണ് പ്രശ്നമായത് എന്നാണ് ഇപ്പോഴവർ പറയുന്നത്. പാവപ്പെട്ടവര്‍ക്ക് 60,000 രൂപയൊക്കെ വലിയ പൈസയാണ്’’, പാതി വില തട്ടിപ്പിൽ പണം നഷ്ടമായ വടക്കൻ പറവൂർ സ്വദേശിയായ യുവതി പറയുന്നു.
ഇവരെപ്പോലെ 2000–ത്തിലധികം പേർക്കാണ് ഇരുചക്ര വാഹനത്തിന്റെ പേരിൽ പണം നഷ്ടപ്പെട്ടത്. അതായത്, ഇവിടെ നിന്നു മാത്രം അനന്തു കൃഷ്ണനും സംഘവും തട്ടിച്ചത് 15 കോടിയോളം രൂപ. പറവൂരിൽ മാത്രം ഇന്നലെ 260 പേർ പരാതി നൽകി. പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ നഷ്ടമായതോടെ ഒട്ടേറെ പേരാണ് പരാതി നൽകുന്നത്. പറവൂരിലെ തട്ടിപ്പില്‍ പണം നഷ്ടമായവർ നാളെ വടക്കൻ പറവൂർ മുൻസിപ്പാലിറ്റി മൈതാനത്ത് കൂടിച്ചേരാനും ആലോചിക്കുന്നുണ്ട്.
പറവൂരിലെ പ്രമുഖരായ വ്യക്തികൾ ചേർന്ന് രൂപീകരിച്ച ജനസേവാ സമിതി ട്രസ്റ്റ് വഴിയാണ് അനന്തു കൃഷ്ണൻ തട്ടിപ്പ് നടത്തിയത്. പണം നഷ്ടമായവർ പരാതി നല്‍കിയതോടെ ട്രസ്റ്റ് കോ–ഓർഡിനേറ്റർ സി.ജി.മേരി, ചെയർമാൻ ഡോ. എൻ.മധു തുടങ്ങിവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. 500 രൂപയ്ക്ക് തയ്യൽ പഠിപ്പിക്കലിൽ നിന്നായിരുന്നു തുടക്കം. പറവൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ഒട്ടേറെ സ്ത്രീകൾ ഇത്തരത്തിൽ കഴിഞ്ഞ വർഷം തയ്യൽ പഠിച്ചു. തയ്യൽ പഠിപ്പിച്ചിരുന്ന ടീച്ചർമാരാണ് പാതി വിലയ്ക്ക് സാധനങ്ങൾ കിട്ടുന്ന പദ്ധതിയെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നത്. പകുതി വിലയ്ക്ക് തയ്യൽ മെഷീൻ കിട്ടുമെന്നറിഞ്ഞതോടെ പലരും ഇത്തരത്തിൽ പണം മുടക്കി. ‘‘എനിക്ക് എന്തെങ്കിലും സ്വന്തമായി തുടങ്ങണമായിരുന്നു. അങ്ങനെയാണ് തയ്യൽ പഠിച്ചു തുടങ്ങിയത്. അതു കഴിഞ്ഞപ്പോഴാണ് 4500 രൂപ കൊടുത്താൽ 9000 രൂപയുടെ തയ്യൽ മെഷീൻ കിട്ടുമെന്ന് അറിയുന്നതും ആ പണം നൽകുന്നതും. എനിക്ക് തയ്യൽ മെഷീൻ കിട്ടി. അത് കഴിഞ്ഞ് കഴിഞ്ഞ ജൂലൈ മാസത്തിലാണ് സ്ത്രീകൾക്ക് പാതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും ഒക്കെ നൽകുന്ന കാര്യം അറിയുന്നത്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി നൽകുന്നതാണ് എന്നാണ് അവിടുത്തെ മാഡം ഒക്കെ പറഞ്ഞത്. അങ്ങനെ 60,000 രൂപ സ്കൂട്ടറിനും 2,000 രൂപ റജിസ്ട്രേഷനുമായി കൊടുത്തു. 6 മാസത്തിനുള്ളിൽ സ്കൂട്ടർ കിട്ടുമെന്നാണ് പറഞ്ഞത്. എന്നാൽ പിന്നീടാണ് പറ്റിക്കപ്പെടുകയായിരുന്നു എന്നറിഞ്ഞത്. എന്റെ മാല പണയം വച്ച കാശാണ്. സ്കൂട്ടർ വേണ്ട, ആ പൈസയെങ്കിലും തിരികെ തന്നാൽ മതി’’, യുവതി പറയുന്നു.
തങ്ങൾ നൽകിയ പണം തിരികെ വാങ്ങാൻ ട്രസ്റ്റിൽ ചെന്നപ്പോൾ പരാതി കൊടുത്തതാണ് പ്രശ്നമായത് എന്ന് അവിടുത്തെ ചില ജീവനക്കാർ പറഞ്ഞെന്ന് പണം നഷ്ടമായ മറ്റൊരു സ്ത്രീ പറഞ്ഞു. ‘‘പലരും കരഞ്ഞുകൊണ്ട് അവിടെ നിന്ന് ഇറങ്ങിപ്പോകുന്നതു കണ്ടു. തീരെ പാവപ്പെട്ടവർ വരെയുണ്ട്. സ്കൂട്ടർ കിട്ടിയാൽ അതുകൊണ്ട് എന്തെങ്കിലും ഉപജീവനത്തിന് ചെയ്യാമെന്ന് പറഞ്ഞ് പലിശക്കാരിൽ നിന്ന് പണം വാങ്ങിക്കൊടുത്തവരുണ്ട്. അവർ ഇപ്പോഴും പലിശ അടച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളും പരാതി കൊടുക്കുകയാണ്’’, പണം നഷ്ടമായ സ്ത്രീകളിലൊരാൾ പറഞ്ഞു.
പറവൂർ ടൗൺഹാളിൽ വച്ചാണ് തയ്യൽ മെഷീൻ വിതരണവും മറ്റും നടത്തിയത് എന്നും സമൂഹത്തിലെ അറിയപ്പെടുന്ന ഒട്ടേറെ പേർ ആ ചടങ്ങിന് വന്നിരുന്നുവെന്നും യുവതികളിലൊരാൾ പറയുന്നു. ‘‘നമുക്ക് അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. സാമൂഹിക പ്രവർത്തകരും രാഷ്ട്രീയക്കാരുമൊക്കെയാണ് വന്നത്. വ്യക്തിപരമായല്ലെങ്കിലും സമൂഹത്തിൽ അറിയപ്പെടുന്ന അവരെ നമുക്കും അറിയാം. അവരൊക്കെ പിന്തുണയ്ക്കുന്ന കാര്യമാകുമ്പോൾ സ്വാഭാവികമായും വിശ്വസിച്ചു പോകും. ഇത്തരം ഉദ്ഘാടനത്തിനും മറ്റും വരുന്നവർ പാവപ്പെട്ടവർക്ക് പണം പോകുമ്പോൾ അത് തിരികെ വാങ്ങി നൽകാനും കൂടി മുന്നിൽ നിന്നാൽ നന്നായിരുന്നു. ആ ഉത്തരവാദിത്തം കൂടി അവർ കാണിക്കണം’’, യുവതി പറഞ്ഞു.