കിഫ്ബി അംഗീകരിച്ചത് 66,143 കോടി രൂപയുടെ 1103 പദ്ധതികൾ; ഏറ്റവും കൂടുതൽ പൊതുമരാമത്ത് വകുപ്പിനു കീഴിൽ

Mail This Article
തിരുവനന്തപുരം∙ കിഫ്ബി വഴി 2024 മാര്‍ച്ച് 31 വരെ അംഗീകാരം നൽകിയത് 66,143.49 കോടി രൂപയുടെ 1,103 പദ്ധതികള്‍ക്ക്. ഇതില്‍ 32,317.03 കോടിയുടെ 625 പദ്ധതികളാണ് ആരംഭിച്ചതെന്നു സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിൽ പറയുന്നു. 25,350.22 കോടി രൂപയാണ് ഇവയുടെ കരാർ തുക.
കിഫ്ബി റോഡുകളില്‍ ടോള്‍ പിരിവ് നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിൽ പ്രതിഷേധം ശക്തമാകുമ്പോള്‍, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പദ്ധതികള്‍ കിഫ്ബി നടപ്പാക്കിയിരിക്കുന്നത് പൊതുമരാമത്ത് വകുപ്പിനു കീഴിലാണെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിൽ പറയുന്നു. പൊതുമരാമത്ത് വകുപ്പില്‍ 32,379.33 കോടി രൂപയുടെ 500 പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതില്‍ 251 പദ്ധതികള്‍ക്കു ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. 10,664.44 കോടി രൂപയുടെ 231 പദ്ധതികള്‍ ആരംഭിക്കുകയോ അവാര്‍ഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. പൊതുവിഭ്യാഭ്യാസമാണ് ഏറ്റവും കൂടുതല്‍ പദ്ധതികളുള്ള രണ്ടാമത്തെ വകുപ്പ് - 151 എണ്ണം (3,136.03 കോടി). ഇതില്‍ 105 എണ്ണം ആരംഭിച്ചു.
ആരോഗ്യവകുപ്പില്‍ 6,181.65 കോടിയുടെ 86 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതിൽ 57 പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ 62 പദ്ധതികളിലായി 1,842.51 കോടി രൂപയുടെ പദ്ധതികള്‍ അംഗീകരിക്കുകയും 33 എണ്ണം തുടങ്ങുകയും ചെയ്തു. വൈദ്യുതി വകുപ്പില്‍ 5,200 കോടിയുടെ 18 പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. 14 എണ്ണം ആരംഭിച്ചു. ജലവിഭവ വകുപ്പില്‍ 6,875.35 കോടിയുടെ 98 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. 90 എണ്ണം ആരംഭിച്ചു.