എംഎൽഎമാരായിരുന്ന പിതാവും മകനും മരിച്ചു; 2021നു ശേഷം മൂന്ന് ഉപതിരഞ്ഞെടുപ്പ്, വിജയിച്ച് ഇന്ത്യാ മുന്നണി

Mail This Article
ചെന്നൈ ∙ ഈറോഡ് കിഴക്കിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിക്ക് വിജയം. മുന്നണിയിൽ മത്സരിച്ച ഡിഎംകെയിലെ വി.സി. ചന്ദ്രകുമാർ എതിർ സ്ഥാനാർഥി നാംതമിഴർ പാർട്ടിയിലെ മെ.കെ. സീതാലക്ഷ്മിയെ 90,535 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു. 2021ന് ശേഷം മണ്ഡലത്തിൽ നിന്ന് വിജയിക്കുന്ന മൂന്നാമത്തെ എംഎൽഎയാണ്.
2021ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയിൽ മത്സരിച്ച കോൺഗ്രസിലെ തിരുമകൻ ഇവേര വിജയിച്ചു. 2023 ൽ എംഎൽഎയുടെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പിതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഇവികെഎസ്. ഇളങ്കോവൻ വിജയിച്ചിരുന്നു. ആറു മാസം മുൻപ് ഇളങ്കോവനും മരിച്ചു. ഇതോടെയാണ് മണ്ഡലം വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്. കോൺഗ്രസിൽ നിന്ന് സീറ്റ് ഡിഎംകെ ഏറ്റെടുക്കുകയും ചന്ദ്രകുമാറിനെ സ്ഥാനാർഥിയാക്കുകയുമായിരുന്നു. മണ്ഡല ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷമാണ് ചന്ദ്രകുമാറിനു ലഭിച്ചത്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉത്തർപ്രദേശിലെ മിൽകിപുർ മണ്ഡലത്തിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്ന് പ്രഖ്യാപിച്ചു. മിൽകിപുറിൽ ബിജെപിയാണ് വിജയിച്ചത്. ബിജെപിയും സമാജ്‍വാദി പാർട്ടിയും നേർക്കുനേർ മത്സരിച്ച മിൽകിപുരിൽ ബിജെപി സ്ഥാനാർഥി ചന്ദ്രഭാനു പസ്വാനാണ് വിജയിച്ചത്. എസ്പിയുടെ അജിത് പ്രസാദിനെയാണ് ചന്ദ്രഭാനു തോൽപിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് സീറ്റിൽ നിന്ന് സമാജ്‍വാദി പാർട്ടി നേതാവ് അവധേഷ് പ്രസാദ് വിജയിച്ചതിന് പിന്നാലെ മിൽകിപുർ എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ ബിജെപി എംഎൽഎ ഗോരഖ്‌നാഥിനെ പരാജയപ്പെടുത്തിയാണ് എസ്പി സീറ്റ് നേടിയത്.