തിരിച്ചുവരവ് ഗംഭീരമാക്കാൻ ബിജെപി; കേജ്‌രിവാളിനെ മുട്ടുമടക്കിച്ച പർവേഷിന് നറുക്ക് വീഴുമോ?

Mail This Article
ന്യൂഡൽഹി ∙ 27 വർഷത്തിനു ശേഷം ഡൽഹിയിൽ ബിജെപി സർക്കാർ തിരിച്ചെത്തുന്നതിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാൻ തീരുമാനം. എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിനു ശേഷം പുതിയ ഡൽഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ ഇന്ന് വൈകിട്ട് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 48 എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. സർക്കാർ രൂപീകരണത്തെക്കുറിച്ചും സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ജെ.പി. നഡ്ഡയും ഇന്നലെ വൈകിട്ട് ബിജെപി ആസ്ഥാനത്ത് ചർച്ച നടത്തിയെന്നും വിവരമുണ്ട്.

ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിനെ തോൽപ്പിച്ച പർവേഷ് വർമയെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. വെസ്റ്റ് ഡൽഹിയിൽ നിന്ന് രണ്ട് തവണ എംപിയായിട്ടുള്ള അദ്ദേഹത്തിനു കഴിഞ്ഞ വർഷം പാർലമെന്റ് തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചിരുന്നു. ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനാണ്.
ഡൽഹി മുഖ്യമന്ത്രി അതിഷി മര്‍ലേന രാജി കത്ത് നൽകി. ഡൽഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കാണ് രാജി കത്ത് നൽകിയത്. ഇതിനു പിന്നാലെ ഡൽഹി നിയമസഭ പിരിച്ചുവിട്ടതായി ലഫ്റ്റനൻറ് ഗവര്‍ണര്‍ ഉത്തരവിറക്കി.