ട്രാൻസ്ജെൻഡേഴ്സിനെ കമ്പി വടി കൊണ്ട് ലോറി ഡ്രൈവർ മർദിച്ച സംഭവം; റിപ്പോർട്ട് തേടി മന്ത്രി ബിന്ദു

Mail This Article
കൊച്ചി∙ പാലാരിവട്ടത്ത് ട്രാൻസ്ജെൻഡേഴ്സിനെ ലോറി ഡ്രൈവർ ക്രൂരമായി മർദിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു. വാർത്ത ശ്രദ്ധയിൽപ്പെട്ടുവെന്നും ഉടൻ അടിയന്തിര റിപ്പോർട്ട് തേടിയെന്നും മന്ത്രി അറിയിച്ചു. ലോറി ഡ്രൈവറുടെ കമ്പി വടി കൊണ്ടുള്ള ആക്രമണത്തിൽ ഇരകൾ ആയവർക്ക് കയ്യിനും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും അടിയന്തിര റിപ്പോർട്ട് നൽകുവാനും സാമൂഹ്യനീതി ഡയറക്ടർക്കും, ജില്ലാ സാമൂഹ്യനീതി ഓഫീസർക്കുമാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
‘‘സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്. വിഷയത്തിൽ നിയമപരമായി നടപടികൾ സ്വീകരിക്കും. ട്രാൻസ് മനുഷ്യരെ എന്തും ചെയ്യാം എന്ന് ആരും ധരിക്കേണ്ട. അവർക്കെതിരെ അതിക്രമങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും മുതിരുന്നവർക്കെതിരെ കർശനനടപടികൾ ഉണ്ടാകും.’’ – മന്ത്രി പറഞ്ഞു.