എഐ ഉപയോഗിച്ചാൽ പ്രതിസന്ധി കൂടും, തൊഴിലില്ലായ്മ ഉയരും: എം.വി. ഗോവിന്ദൻ

Mail This Article
തൃശൂര്‍ ∙ നിര്‍മിത ബുദ്ധിയുടെ ഭാഗമായി രൂപപ്പെടുന്ന ഉത്പാദനോപാധികളുടെ ഉടമസ്ഥാവകാശം കോര്‍പ്പറേറ്റുകളുടേയും മുതലാളിമാരുടേയും കയ്യിലെത്തുന്നതോടെ പ്രതിസന്ധികള്‍ കൂടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതു വലിയ പോരാട്ടങ്ങളും സമരങ്ങളും ശക്തിപ്പെട്ടുവരാന്‍ കാരണമാവുമെന്നും തൃശൂർ ജില്ലാ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
‘‘എഐ ഉപയോഗിക്കുമ്പോഴുള്ള പ്രശ്‌നമെന്താണ്? കുത്തകമുതലാളിത്തത്തിന്റെ ലാഭം, മിച്ചമൂല്യവിഹിതം, വലിയ രീതിയില്‍ കൂടും. അവർ തന്നെ പറയുന്നതുപോലെ പത്തോ അറുപതോ ശതമാനം ആളുകളുടെ തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാകുകയും ചെയ്യും. ഈ സാഹചര്യം ലോകത്തു വളര്‍ന്നുവന്നാല്‍ ഈ ശാസ്ത്രത്തിന്റെ ഭാഗമായി രൂപം കൊള്ളുന്ന ഉത്പാദനോപാധികളെല്ലാം കോര്‍പ്പറേറ്റുകളുടേയും മുതലാളിമാരുടേയും കയ്യിലായിരിക്കുന്നിടത്തോളം കാലം പ്രതിസന്ധി കൂടുകയാണ് ചെയ്യുക’’ – എം.വി. ഗോവിന്ദൻ പറഞ്ഞു.
നേരത്തേ എം.വി.ഗോവിന്ദന്‍ എഐയെ കുറിച്ച് നടത്തിയ പ്രസ്താവനകൾ വലിയ ചര്‍ച്ചയായിരുന്നു. എഐ സോഷ്യലിസത്തിലേയ്ക്ക് നയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രസ്താവന. വിവാദമായതോടെ എഐ വരുന്നതോടെ സമൂഹത്തിലെ സമ്പത്തിന്റെ വിതരണത്തിലുള്ള വൈരുധ്യം വര്‍ധിക്കുമെന്നും ഇത് തൊഴിലില്ലായ്മയുടെ തോത് 60 ശതമാനത്തോളം ഉയര്‍ത്തുമെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.