പാതിവില തട്ടിപ്പു കേസ്: ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ മൂന്നാം പ്രതി; കേസെടുത്ത് പെരിന്തൽമണ്ണ പൊലീസ്

Mail This Article
മലപ്പുറം∙ പാതിവില തട്ടിപ്പു കേസിൽ വിരമിച്ച ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരും പ്രതി. പെരിന്തൽമണ്ണ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. കേസിൽ മൂന്നാം പ്രതിയാണ് അദ്ദേഹം. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഡയറക്ടർ ആനന്ദകുമാർ ഒന്നാം പ്രതിയും തട്ടിപ്പിനു നേതൃത്വം നൽകിയ അനന്തു കൃഷ്ണൻ രണ്ടാം പ്രതിയുമാണ്.
അങ്ങാടിപ്പുറം സ്വദേശിയായ ഡാനിമോന്റെ പരാതിയിലാണ് പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിരിക്കുന്നത്. നാഷണൽ എൻജിഒ കോൺഫെഡറേഷൻ മലപ്പുറം രക്ഷാധികാരി എന്ന നിലയിലാണ് ജസ്റ്റിസ് രാമചന്ദ്രൻ നായർക്കെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 318 (4), 3 (5) വകുപ്പുകൾ പ്രകാരമാണ് മൂന്നു പ്രതികൾക്കെതിരെയും കേസെടുത്തിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
പ്രതികൾ പാതിവിലയ്ക്കു ലാപ്ടോപ്പ്, തയ്യൽമെഷിൻ, ഇരുചക്രവാഹനങ്ങൾ എന്നിവ ഉപഭോക്താക്കൾക്കു വാഗ്ദാനം ചെയ്തെന്നും കെഎസ്എസ് അങ്ങാടിപ്പുറം എന്ന സന്നദ്ധസംഘടനയിലൂടെ 2024 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലഘട്ടത്തിൽ 34 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നുണ്ട്.