എലപ്പുള്ളിയിൽ ഒയാസിസ് കമ്പനിക്കു അനധികൃതമായി ഭൂമി റജിസ്റ്റർ ചെയ്തു നൽകി; വിജിലൻസിൽ പരാതി നൽകി കോൺഗ്രസ്

Mail This Article
പാലക്കാട്∙ ബ്രൂവറി അഴിമതി ആരോപണങ്ങൾക്കു പിന്നാലെ ഒയാസിസ് കമ്പനിക്കെതിരെ പുതിയ ആരോപണം. ചിറ്റൂർ താലൂക്കിലെ എലപ്പുള്ളി പഞ്ചായത്തില്‍ ഒയാസിസ് കമ്പനിക്കായി 24.59 ഏക്കർ ഭൂമി റജിസ്റ്റർ ചെയ്തു നൽകിയതിലാണ് ആരോപണം. കമ്പനിക്കു നിയമവിരുദ്ധമായി റജിസ്ട്രേഷൻ വകുപ്പ് ഭൂമി റജിസ്ട്രേഷന്‍ ചെയ്തു നൽകിയെന്നും റവന്യു വകുപ്പു പോക്കുവരവു ചെയ്തു കരം അടച്ചു നൽകിയെന്നുമാണ് ആരോപണം. ഇതു ചൂണ്ടിക്കാട്ടി എഐസിസി അംഗം അനിൽ അക്കരെ ആണു വിജിലൻസിൽ പരാതി നൽകിയത്.
‘‘കരം അടച്ച് രണ്ട് വർഷത്തിലേറെയായി ഒയാസിസ് കമ്പനി ഭൂമി കൈവശം വച്ചിരിക്കുകയാണ്. ഈ പ്രവർത്തി തികച്ചും നിയമ വിരുദ്ധവും കേരള ഭൂപരിഷ്കരണ നിയമത്തിനു വിരുദ്ധവുമാണ്. ഭൂപരിഷ്കരണ നിയമം അനുസരിച്ച് കേരളത്തിൽ കമ്പനികൾക്കു 15 ഏക്കർ പുരയിടം മാത്രമേ സ്വന്തമായി വാങ്ങുന്നതിനും കൈവശം വയ്ക്കുന്നതിനും സാധിക്കുകയുള്ളു. എന്നാൽ ഈ നിയമം അട്ടിമിറിച്ചാണു നിയമവിരുദ്ധമായി റജിസ്ട്രേഷൻ വകുപ്പ് ഒയാസിസ് കമ്പനിക്ക് 24.59 ഏക്കർ ഭൂമി റജിസ്റ്റർ ചെയ്തു നൽകിയിരിക്കുന്നത്. ഇതിനുപുറമേ പ്രസ്തുത ഭൂമി റവന്യു വകുപ്പ് പോക്കുവരവ് ചെയ്തു കരം അടച്ച് നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നിൽ അഴിമതിയാണ്’’ – അനിൽ അക്കരെ ആരോപിച്ചു.
നിയമവിരുദ്ധ പ്രവർത്തനം നടത്തിയ റജിസ്ട്രേഷൻ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധനവകുപ്പ് അനുസരിച്ച് കേസ് റജിസ്റ്റർ ചെയ്യണമെന്നും അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്. ചീഫ് സെക്രട്ടറിക്കും സംസ്ഥാന വിജിലൻസ് ഡയറക്ടർക്കും ഇതുസംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ തുടർനടപടി ഉണ്ടായില്ലെങ്കിൽ തൃശൂർ വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിക്കുമെന്നും അനിൽ അക്കരെ അറിയിച്ചു.