പോർവിമാനങ്ങളിൽ വിസ്മയമൊരുക്കാൻ ബെംഗളൂരു; എയ്റോ ഇന്ത്യ, ഏഷ്യയിലെ വമ്പൻ വ്യോമാഭ്യാസം

Mail This Article
ബെംഗളൂരു ∙ ഇനിയുള്ള 5 ദിനം ബെംഗളൂരുവിന്റെ ആകാശം പോർവിമാനങ്ങളാൽ നിറയും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രദർശനമായ ‘എയ്റോ ഇന്ത്യ’ ഇന്ന് രാവിലെ 9.30ന് യെലഹങ്ക വ്യോമസേനാ താവളത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. രാവിലെ 10.20ന് വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾക്കു തുടക്കമാകും. രണ്ടു വർഷത്തിലൊരിക്കിൽ നടക്കുന്ന ‘എയ്റോ ഇന്ത്യ’ വ്യോമയാന മേഖലയിലെ നൂതന സാങ്കേതികവിദ്യയുടെ പ്രദർശനത്തിനുള്ള വേദിയാണ്.
അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ റഷ്യയുടെ സു–57, യുഎസ് വ്യോമസേനയുടെ പോർമുനയായ ലൊക്കീഡ് മാർട്ടിന്റെ എഫ്–35, ലൈറ്റ്നിങ് 2 എന്നിവ ചരിത്രത്തിലാദ്യമായി ഒരു വേദിയിൽ അണിനിരക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്–30 എംകെഐ, റഫാൽ തുടങ്ങിയവയും മേളയുടെ കരുത്താകും. 9 ഹോക്ക് എംകെ–132 ട്രെയിനർ വിമാനങ്ങൾ ഉൾപ്പെട്ട സൂര്യകിരൺ എയറോബാറ്റിക്സ് ടീമും ആകാശത്ത് അഭ്യാസക്കാഴ്ചകൾ രചിക്കും.
ഇന്ത്യൻ നിർമിത യുദ്ധവിമാനമായ തേജസ്, ലഘുയുദ്ധ ഹെലിക്കോപ്റ്ററായ പ്രചണ്ഡ്, ഗതാഗത വിമാനമായ സി–295 തുടങ്ങിയവ മേളയുടെ കരുത്താകും. രാജ്യം നിർമിക്കാൻ ലക്ഷ്യമിടുന്ന അഞ്ചാം തലമുറ പോർവിമാനത്തിന്റെ മാതൃകയും അഗ്നി, പിനാക്ക തുടങ്ങിയ മിസൈലുകളും പ്രദർശിപ്പിക്കും. നാളെയും 12നും ഉച്ചയ്ക്ക് 12 മുതലാണ് വിമാനങ്ങളുടെ അഭ്യാസ പ്രകടനം . 13നും 14നും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4.30 വരെയും 2 പ്രദർശനങ്ങളുണ്ടാകും. അവസാന 2 ദിനങ്ങളിലാണ് പാസ് മുഖേന പൊതുജനത്തിന് പ്രവേശനം.
സ്വയംപര്യാപ്ത ഇന്ത്യ ലക്ഷ്യം: രാജ്നാഥ് സിങ്
പ്രതിരോധ, വ്യോമയാന രംഗത്ത് ശക്തവും സ്വയംപര്യാപ്തവുമായ പുതിയ ഇന്ത്യയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമാണ് എയ്റോ ഇന്ത്യയെന്ന് മേളയ്ക്കു മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ രാജ്നാഥ് സിങ് പറഞ്ഞു. 2025–26ൽ ആഭ്യന്തര പ്രതിരോധ ഉൽപാദനം 1.60 ലക്ഷം കോടി രൂപ മറികടക്കും. കയറ്റുമതി 30,000 കോടി രൂപയിലെത്തും.
‘ശതകോടി അവസരങ്ങളിലേക്കുള്ള റൺവേ’ എന്ന ആശയത്തിലൂന്നിയുള്ള 90 രാജ്യങ്ങളിൽ നിന്നായി 150 വിദേശ കമ്പനികൾ ഉൾപ്പെടെ 900 വ്യാപാര പ്രദർശകരും മേളയിൽ പങ്കെടുക്കും. 30 രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാരും 43 രാജ്യങ്ങളിൽ നിന്നുള്ള വ്യോമസേനാ മേധാവികളും പ്രതിരോധ സെക്രട്ടറിമാരും സന്നിഹിതരായിരിക്കും. പ്രതിരോധ മന്ത്രിമാരുടെയും സിഇഒമാരുടെയും പ്രത്യേക സമ്മേളനവും സെമിനാറുകളും സംഘടിപ്പിക്കും.