‘ആപ്പിന്റെ നാശം മുൻപേ സംഭവിച്ചത്, പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം കേജ്രിവാളിന്’

Mail This Article
ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടിയുടെ നാശം മുൻപ് തന്നെ സംഭവിച്ചതാണെന്നും എന്നാൽ അതു ജനങ്ങളുടെ പൂർണ ബോധ്യത്തിലേക്ക് എത്താൻ സഹായിച്ചത് ഡൽഹി തിരഞ്ഞെടുപ്പ് ഫലം വന്നതോടെയാണെന്നും മുൻ നേതാവ് അശുതോഷ്. പാർട്ടി നേതാക്കൻമാർ ചാർട്ടേഡ് വിമാനങ്ങളിൽ സഞ്ചരിക്കാൻ തുടങ്ങിയതോടെയും സ്വന്തമായി മണിമന്ദിരങ്ങൾ നിർമിക്കാൻ തുടങ്ങിയതോടെയും ആപ്പിന്റെ നാശം സംഭവിച്ചിരുന്നു. എഎപി നേതാക്കൻമാർ എല്ലാവരും ഡെഡ് പ്ലസ് സുരക്ഷ ഉൾപ്പെടെയുള്ള ആഡംബരങ്ങളിൽ അഭിരമിക്കുകയാണെന്നും അദ്ദേഹം ‘എക്സിൽ’ കുറിച്ചു.
ഈ രീതിക്ക് മാറ്റമുണ്ടായില്ലെങ്കിൽ പഞ്ചാബിലും ആപ്പിനെ കാത്തിരിക്കുന്നത് ഡൽഹിയിലെ സമാന അവസ്ഥ തന്നെയായിരിക്കുമെന്നും അദ്ദേഹം കുറിച്ചു. ഇത്തരം കാര്യങ്ങളിൽ കേജ്‌രിവാൾ ഉൾപ്പെടെയുള്ള നേതാക്കൻമാർ കൂടുതൽ ശ്രദ്ധചെലുത്തണമെന്നും അശുതോഷ് വ്യക്തമാക്കി. മാധ്യമപ്രവർത്തകൻ കൂടിയായ അശുതോഷ് ആം ആദ്മി പാർട്ടിയുടെ തുടക്ക കാലത്ത് കേജ്‌രിവാളിന്റെ സന്തത സഹചാരിയായിരുന്നു. പിന്നീട് 2018ൽ വ്യക്തിപരമായ കാര്യങ്ങൾ ഉയർത്തിക്കാട്ടി ആപ്പിൽനിന്നു പുറത്തുപോകുകയായിരുന്നു.
ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലെ ദയനീയ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം അരവിന്ദ് കേജ്‌രിവാളിനാണെന്ന് പാർട്ടിയുടെ സ്ഥാപക നേതാക്കൻമാരിൽ ഒരാളായിരുന്ന പ്രശാന്ത് ഭൂഷണും ആരോപിച്ചു. വളരെ സുതാര്യമായിരുന്ന ആപ്പിന്റെ ആദർശങ്ങളിൽ കേജ്‌രിവാൾ മായം കലർത്തിയെന്ന് ആരോപിച്ച ഭൂഷൺ, ആപ്പിന്റെ നട്ടെല്ലായിരുന്ന 33 നയങ്ങളെ കേജ്‌രിവാൾ ചവറ്റുകൊട്ടയിൽ തള്ളിയിരുന്നതായും ആരോപിച്ചു. ആദർശം നഷ്ടപ്പെട്ട് തിരഞ്ഞെടുപ്പ് പാർട്ടി മാത്രമായി മാറിയതോടെയാണ് ആപ്പിന്റെ നാശം ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.