‘എഎപി പരാജയപ്പെട്ടത് യമുനയുടെ ശാപം മൂലം’: രാജി സമർപ്പിക്കാനെത്തിയ അതിഷിയോട് ലഫ്.ഗവർണർ

Mail This Article
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പരാജയപ്പെട്ടത് യമുനയുടെ ശാപം മൂലമെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്‌സേന. രാജി സമർപ്പിക്കാൻ രാജ്ഭവനിലെത്തിയ ഡൽഹി മുഖ്യമന്ത്രി അതിഷിയോട് ‘‘യമുനയുടെ ശാപമാണ്’’ എഎപിയുടെ പരാജയകാരണമെന്ന് സക്സേന പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യമുനാ നദിയുടെ അവസ്ഥ ഉൾപ്പെടെയുളള പൊതുകാര്യങ്ങളിൽ താൻ നൽകിയ മുന്നറിയിപ്പുകളെല്ലാം അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുളള സർക്കാർ അവഗണിച്ചതായും സക്സേന പറഞ്ഞു.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ യമുനാ നദിയിലെ മാലിന്യം ഒരു പ്രധാന ചർച്ചാവിഷയമായിരുന്നു.“ഹരിയാന സർക്കാർ യമുനയിൽ വിഷം കലർത്തുന്നു” എന്ന എഎപി നേതാവ് അരവിന്ദ് കേജ്‌രിവാളിന്റെ ആരോപണം വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. പ്രചാരണത്തിൽ ‘‘ബിജെപി യമുനയെ ഡൽഹിയുടെ അടയാളമായി മാറ്റുമെന്ന്’’നരേന്ദ്ര മോദി ഉറപ്പു നൽകിയിരുന്നു.
കഴിഞ്ഞ ആഴ്ച നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ഭരണം അവസാനിപ്പിച്ച്, 27 വർഷത്തിന് ശേഷം ബിജെപി അധികാരത്തിലെത്തി. 70 സീറ്റുകളിൽ 48 സീറ്റിലും ബിജെപി ജയിച്ചപ്പോൾ 22 സീറ്റിലേക്ക് എഎപി ഒതുങ്ങി. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 62 സീറ്റുകൾ സ്വന്തമാക്കിയ എഎപിയാണ് 22 സീറ്റിലേക്കു ചുരുങ്ങിയത്. ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്‌സേന ഡൽഹിയിലെ ഏഴാം നിയമസഭ പിരിച്ചുവിട്ടു. ബിജെപിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഉടൻ അധികാരത്തിലെത്തും.