‘സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്ക് 25% തീരുവ ഏർപ്പെടുത്തും’; ട്രംപിന്റെ ‘പണി’ തുടരുന്നു, കാനഡയ്ക്കു തിരിച്ചടി

Mail This Article
വാഷിങ്ടൻ ∙ യുഎസും ചൈനയും തമ്മിൽ വ്യാപാര യുദ്ധത്തിലേക്കു കടക്കുന്നതിനിടെ വീണ്ടും തീരുവ വർധനവ് പ്രഖ്യാപിച്ചു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എല്ലാ തരത്തിലുമുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കാണു തീരുവ വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള ലോഹ തീരുവകൾക്കു പുറമേ 25% തീരുവ കൂടി ചുമത്തുമെന്നു ട്രംപ് പ്രഖ്യാപിച്ചു.
‘‘തിങ്കളാഴ്ച ഞങ്ങൾ സ്റ്റീൽ താരിഫുകള്‍ പ്രഖ്യാപിക്കും. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ സ്റ്റീലിനും 25% താരിഫ് ഉണ്ടായിരിക്കും. മറ്റു ലോഹ താരിഫുകളും വൈകാതെ പ്രഖ്യാപിക്കും. വളരെ ലളിതമായി പറഞ്ഞാൽ, അവർ നമ്മളിൽനിന്നു ഉയർന്ന നിരക്ക് ഈടാക്കുകയാണെങ്കിൽ, നമ്മൾ അവരിൽ നിന്നും ഉയർന്ന നിരക്ക് ഈടാക്കും”– ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. താരിഫുകൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക വാർത്താ സമ്മേളനം നടത്താന്‍ താൻ തീരുമാനിച്ചെന്നും ട്രംപ് അറിയിച്ചു.
നിലവിൽ കാനഡയാണ് യുഎസിലേക്കു ഏറ്റവും കൂടുതൽ സ്റ്റീൽ, അലുമിനിയം ഇറക്കുമതി നടത്തുന്നത്. യുഎസിലേക്കുള്ള മൊത്തം സ്റ്റീൽ ഇറക്കുമതിയുടെ 79 ശതമാനവും കാനഡയിൽ നിന്നാണ്. കാനഡയ്ക്കു പുറമെ ബ്രസീൽ, മെക്സിക്കോ, ദക്ഷിണ കൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളും യുഎസിലേക്ക് സ്റ്റീൽ ഇറക്കുമതി ചെയ്യുന്നുണ്ട്. ട്രംപിന്റെ പുതിയ നയം യുഎസ് – കാനഡ ബന്ധം കൂടുതൽ മോശമാക്കുമെന്നാണു വിലയിരുത്തൽ.