‘സ്റ്റാൻഡേഡ് ഗേജ് തന്നെ വേണം’: സിൽവർലൈനിന്റെ അലൈൻമെന്റ് മാറ്റാനാകില്ലെന്ന് കെ–റെയിൽ

Mail This Article
തിരുവനന്തപുരം∙ റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം സിൽവർലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാനാകില്ലെന്ന് കെ–റെയിൽ. അതിവേഗ ട്രെയിനുകൾക്കു പ്രത്യേക ലൈൻ ആവശ്യമാണെന്നും അതിനാൽ തന്നെ സ്റ്റാൻഡേഡ് ഗേജ് തന്നെ വേണമെന്നും ദക്ഷിണ റെയിൽവേയ്ക്ക് അയച്ച കത്തിൽ കെ–റെയിൽ വ്യക്തമാക്കി.
അതേസമയം, റെയിൽവേ ഭൂമി ഒഴിവാക്കാൻ സിൽവർലൈൻ അലൈൻമെന്റിൽ ഭേദഗതിയാകാമെന്നും കെ–റെയിൽ അറിയിച്ചു. പാരിസ്ഥിതിക, സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിലും അലൈൻമെന്റ് മാറ്റത്തിന് തയാറാണെന്നും അറിയിച്ചു.
പാത ബ്രോഡ്ഗേജാക്കണം, വന്ദേഭാരതും ഗുഡ്സ് ട്രെയിനുകളും ഓടിക്കാൻ കഴിയണം, നിലവിലുള്ള പാതയുമായി ഓരോ 50 കിലോമീറ്ററിലും ബന്ധിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളാണു റെയിൽവേ മുന്നോട്ടുവച്ചത്. എന്നാൽ ഡിസൈൻ വേഗം 220 കിമീ, പരമാവധി വേഗം 200 കിമീ , പാത സ്റ്റാൻഡേഡ് ഗേജ് എന്നിങ്ങനെയാണു സിൽവർലൈൻ പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഓട്ടമാറ്റിക് സിഗ്നലിങ്ങിനൊപ്പം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കവച് സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നും റെയിൽവേ നിഷ്കർഷിച്ചിരുന്നു.