‘എനിക്ക് വീഴ്ച സംഭവിച്ചു, ന്യായീകരിക്കുന്നില്ല’: വിവാദ പരാമർശത്തിൽ ക്ഷമാപണവുമായി ബീർബൈസെപ്സ്

Mail This Article
മുംബൈ∙ വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തി പ്രശസ്ത യൂട്യൂബറും സാമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ രൺവീർ അല്ലാബാഡിയ. സമയ് റെയ്‌നയുടെ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ’ എന്ന പരിപാടിയിലാണ് അല്ലാബാഡിയ മാതാപിതാക്കളെയും ലൈംഗികതയെയും കുറിച്ചു മോശം പരാമർശം നടത്തിയത്. തുടർന്ന് സമൂഹധ്യമങ്ങളിൽ ബീർബൈസെപ്സ് എന്നറിയപ്പെടുന്ന അല്ലാബാഡിയക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
‘‘എന്റെ അഭിപ്രായം അനുചിതമായിരുന്നു എന്ന് മാത്രമല്ല, അതു തമാശയും ആയിരുന്നില്ല. തമാശ എന്റെ മേഖലയല്ല. ക്ഷമ പറയാനാണ് ഞാൻ ഇപ്പോൾ വന്നിരിക്കുന്നത്’’ – സമൂഹമാധ്യമ പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ അല്ലാബാഡിയ പറഞ്ഞു. ‘‘എനിക്കു ലഭിച്ച വേദി ഇങ്ങനെയാണോ ഉപയോഗിക്കേണ്ടതെന്നു നിങ്ങളിൽ പലരും ചോദിച്ചു. തീർച്ചയായും ഇങ്ങനെ ഉപയോഗിക്കാനല്ല ഞാൻ ആഗ്രഹിക്കുന്നത്. പറഞ്ഞ കാര്യങ്ങളെ ന്യായീകരിക്കുന്നില്ല. ക്ഷമാപണം നടത്താൻ മാത്രമാണു വന്നിരിക്കുന്നത്. വ്യക്തിപരമായി എനിക്കു വീഴ്ച സംഭവിച്ചു. അത്തരം പരാമർശം എന്റെ ഭാഗത്തുനിന്നു സംഭവിക്കാൻ പാടില്ലായിരുന്നു.
പ്രയഭേദമന്യേ എല്ലാവരും എന്റെ പോഡ്‌കാസ്റ്റ് കാണുന്നുണ്ട്. അതുകൊണ്ടു തന്നെ വിവാദങ്ങൾ നിസ്സാരമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കുടുംബത്തോട് ഒരിക്കലും അനാദരവ് കാണിക്കാൻ പാടില്ലായിരുന്നു. ഈ വേദി നന്നായി ഉപയോഗിക്കണം. അതാണ് ഈ സംഭവം എന്നെ പഠിപ്പിച്ചത്. ഞാൻ മികച്ച വ്യക്തിയാവാൻ ശ്രമിക്കുമെന്ന് ഉറപ്പു നൽകുന്നു. വിഡിയോയിലെ വിവാദമായ ഭാഗങ്ങൾ നീക്കം ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നോടു ക്ഷമിക്കുക എന്നു മാത്രമാണ് എനിക്ക് പറയാനുള്ളത്. ഒരു മനുഷ്യനെന്ന നിലയിൽ നിങ്ങൾ എന്നോടു ക്ഷമിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു’’ – ബീർബൈസെപ്സ് പറഞ്ഞു.