വാഹനമിടിച്ച് 9 വയസ്സുകാരി ഒരു വർഷത്തോളമായി കോമയിൽ; പ്രതി ഷെജിൽ പിടിയിൽ, പരിശോധിച്ചത് 50,000 കോളുകൾ

Mail This Article
കോഴിക്കോട്∙ വടകരയിൽ കാറിടിച്ച് ഒൻപതു വയസ്സുകാരി കോമയിൽ ആവുകയും മുത്തശ്ശി മരിക്കുകയും ചെയ്ത കേസിലെ പ്രതി കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ. പുറമേരി മീത്തലെ പുനത്തിൽ ഷെജിലാണ് (35) ഇന്ന് പുലർച്ചെ പിടിയിലായത്. ലുക്കൗട്ട് നോട്ടിസുള്ളതിനാൽ ഇയാളെ വിമാനത്താവളത്തിൽ വച്ച് പിടികൂടുകയായിരുന്നു. ഷെജിലിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനു വടകരയിൽനിന്നുള്ള പൊലീസ് സംഘം കോയമ്പത്തൂരിലേക്കു പോയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഫെബ്രുവരി 17ന് ദേശീയപാത വടകര ചോറോട് വച്ചായിരുന്നു സംഭവം. അപകടത്തിൽ തലശ്ശേരി മനേക്കര പുത്തലത്ത് ബേബി (68) മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ പേരക്കുട്ടി ദൃഷാന (9) അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. അപകടത്തിനുശേഷം നിർത്താതെ പോയ വാഹനം 9 മാസത്തിനുശേഷമാണ് പൊലീസ് കണ്ടെത്തിയത്.
പുറമേരി സ്വദേശിയായ ഷെജിൽ ഓടിച്ച കാറാണ് ഇതെന്നു വ്യക്തമായതോടെ അന്വേഷണം വ്യാപകമാക്കി. അപകടത്തിനുശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 14നു പ്രതി വിദേശത്തേക്കു കടന്നു. കാർ അപകടത്തിനുശേഷം ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് അന്വേഷണത്തിനു വഴിത്തിരിവായത്. കാര്‍ മതിലില്‍ ഇടിച്ചെന്നു വരുത്തിയാണു പ്രതി ഇന്‍ഷുറന്‍സ് ക്ലെയിമിനു ശ്രമിച്ചത്. അപകടത്തിനുശേഷം വാഹനത്തിനു രൂപമാറ്റം വരുത്തിയെന്നും പൊലീസ് കണ്ടെത്തി. അന്വേഷണത്തിന്‍റെ ഭാഗമായി 50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളും പൊലീസ് പരിശോധിച്ചു. തുടർന്നാണ് ഷെജിലിന്റെ കാറാണ് ഇടിച്ചതെന്നു കണ്ടെത്തിയത്.
ബേബിയും ദൃഷാനയും ബസ് ഇറങ്ങി ദേശീയപാത കുറുകെ കടക്കുമ്പോൾ ഷെജിലും കുടുംബവും സഞ്ചരിച്ച കാർ വന്നിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ കാർ മീത്തലങ്ങാടിയിലെ ബന്ധു വീട്ടിലേക്കു മാറ്റിയാണ് പൊലീസിന്റെ കണ്ണിൽനിന്നു രക്ഷപ്പെട്ടത്.