ഒൻപത് വർഷത്തിനിടെ കേരളത്തിൽ 1.48 ലക്ഷം പീഡനക്കേസുകൾ, കൊല്ലപ്പെട്ടത് 871 പേർ; ശിക്ഷ 8471 കേസുകളിൽ മാത്രം

Mail This Article
കോട്ടയം∙ ഒൻപത് വർഷത്തിനിടെ ലൈംഗികാതിക്രമത്തിന് ഇരയായി സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 871 പേർ. 2016 മേയ് മുതൽ 2025 ജനുവരി വരെയുള്ള കണക്കാണിത്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട്. അക്രമങ്ങളിൽ ഗുരുതരമായി പരുക്കേറ്റ് ഇപ്പോഴും ജീവിതത്തിലേക്ക് പൂർണമായി തിരികെ വരാനാവാതെ കഴിയുന്നത് 36,656 പേരും. ഇവർക്കുള്ള നഷ്ടപരിഹാരവും പൂർണമായി വിതരണം ചെയ്തിട്ടില്ല. ബലാത്സംഗ കേസുകളിലും പോക്സോ നിയമം അനുസരിച്ചുള്ള കേസുകളിലും ഓരോ വർഷവും വർധന ഉണ്ടാവുന്നതായാണ് കണക്കുകൾ. 2025ൽ ജനുവരി 17 വരെ മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 939 ലൈംഗികാതിക്രമ കേസുകളാണ്.
9 വർഷത്തിനിടെ 1,48,340 ലൈംഗികാതിക്രമ കേസുകൾ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തപ്പോൾ പ്രതികൾ പിടിക്കപ്പെട്ടത് 1,41,635 കേസുകളിൽ മാത്രം. ഏറ്റവുമധികം കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് 2023ലാണ്; 20000 കേസുകൾ. 2016ൽ 8808 കേസുകളാണ് സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യപ്പെട്ടതെങ്കിൽ പിന്നീട് ഒരു വർഷവും 13000ൽ താഴേക്ക് കേസുകളുടെ എണ്ണം പോയിട്ടില്ല.
പ്രതികൾ പിടിക്കപ്പെടുന്നുണ്ടെങ്കിലും കേസ് നടപടികൾ ഇഴയുന്നതു മൂലം അതിജീവിതകളുടെ ജീവിതം ദുരിതത്തിലാണെന്ന് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു. ഒന്നരലക്ഷത്തോളം കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ പ്രതികൾ ശിക്ഷിക്കപ്പെട്ടത് 8471 കേസുകളിൽ മാത്രം. പോക്സോ കേസുകളിൽ ഒരു വർഷത്തിനിടെ വിചാരണ പൂർത്തിയാക്കണമെന്ന നിയമം നിലനിൽക്കുമ്പോൾ തന്നെയാണ് കുട്ടികൾക്കെതിരെയുള്ള കേസുകളിലുൾപ്പെടെ ഈ മെല്ലെപ്പോക്ക്.