‘പിനാക’ റോക്കറ്റ് സംവിധാനം ഫ്രാൻസ് വാങ്ങിയേക്കുമെന്ന് സൂചന; ഇന്ത്യയിൽനിന്ന് ആയുധം വാങ്ങാനൊരുങ്ങുന്നത് ആദ്യം

Mail This Article
പാരിസ് ∙ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ റോക്കറ്റ് സംവിധാനം ഫ്രാൻസ് വാങ്ങിയേക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിൽ ഇക്കാര്യവും ചർച്ചയിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധവിതരണക്കാരായ ഫ്രാൻസ് ഇതാദ്യമായാണ് ഇന്ത്യയിൽ നിന്ന് ആയുധം വാങ്ങാനൊരുങ്ങുന്നത്.
മൂന്നു മാസം മുൻപ് ഫ്രാൻസിൽ നിന്നുള്ള പ്രതിനിധി സംഘത്തിന്റെ മുൻപിൽ പിനാകയുടെ ശേഷി വെളിവാക്കുന്ന പ്രകടനം നടന്നിരുന്നെന്നും ഇതിൽ തൃപ്തരായാണ് സംഘം മടങ്ങിയതെന്നുമുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ചതാണ് പിനാക. 1999ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിലാണ് ഇന്ത്യ ഇത് ആദ്യം ഉപയോഗിച്ചത്. മാര്‍ക്-1, മാര്‍ക്-2 എന്നീ വകഭേദങ്ങളാണ് നിലവിൽ പിനാകയ്ക്കുള്ളത്. മാർക്–1 വകഭേദത്തിന്റെ ദൂരപരിധി 45 കിലോമീറ്ററും മാർക്–2 വകഭേദത്തിന്റെ പരിധി 90 കിലോമീറ്ററുകമാണ്. 120 കിലോമീറ്റർ ദൂരപരിധിയുള്ള വകഭേദവും അണിയറയിലുണ്ട്. 44 സെക്കൻഡുകൾക്കുള്ളിൽ 12 തവണ വരെ പിനാകയിൽ റോക്കറ്റുകൾ ലോഞ്ച് ചെയ്യാനാകും.
മണിക്കൂറിൽ 5800 കിലോമീറ്റർ വേഗത്തിൽ പിനാകയിൽ നിന്ന് റോക്കറ്റുകൾ തൊടുക്കാനാകും. നിലവിൽ ഇന്ത്യൻ സൈന്യത്തിന് നാല് പിനാക റെജിമെന്റുകളാണുള്ളത്. ഫ്രാൻസുമായി കരാർ ഉറപ്പിച്ചിട്ടില്ലെങ്കിലും ഇരു രാജ്യങ്ങളും തമ്മിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നതായി പ്രതിരോധ വൃത്തങ്ങൾ പറയുന്നു. അടുത്തിടെ അർമേനിയ ഇന്ത്യയിൽ നിന്ന് പിനാക റോക്കറ്റ് സംവിധാനം വാങ്ങിയിരുന്നു.