‘ലോട്ടറിക്കു സേവന നികുതി ചുമത്താൻ കേന്ദ്രത്തിന് അധികാരമില്ല, സംസ്ഥാനങ്ങൾക്ക് വാങ്ങാം’: കേരളത്തിന് ആശ്വാസം
.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ ലോട്ടറിക്കു സേവന നികുതി ചുമത്താൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നു സുപ്രീം കോടതി. സംസ്ഥാന സർക്കാരുകൾക്കു മാത്രമേ ലോട്ടറി വിതരണക്കാരിൽനിന്നു നികുതി ഈടാക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ അപ്പീൽ തള്ളിയാണ് സുപ്രീം കോടതിയുടെ നിർണായക വിധി. ലോട്ടറി നികുതി സംസ്ഥാന വിഷയമാണെന്നും ജസ്റ്റിസുമാരായ ബി.വി.നാഗരത്‌ന, എൻ.കോടീശ്വർ സിങ് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
സംസ്ഥാനങ്ങൾക്കു ലോട്ടറി നികുതി വരുമാനം പൂർണമായി ഉറപ്പാക്കുന്ന വിധി കേരളത്തിനുൾപ്പെടെ ആശ്വാസമാണ്. 2010ലെ സാമ്പത്തിക ഭേദഗതി നിയമത്തിലെ അനുബന്ധ വകുപ്പ് റദ്ദാക്കിയ സിക്കിം ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ചു. ലോട്ടറി ടിക്കറ്റ് വിതരണക്കാർ നടത്തുന്നത് സേവനമല്ല എന്നായിരുന്നു സിക്കിം ഹൈക്കോടതിയുടെ നിരീക്ഷണം. സംസ്ഥാനങ്ങൾക്ക് ലോട്ടറി വിതരണക്കാരിൽനിന്നു ചൂതാട്ട നികുതി ഈടാക്കുന്നതു തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.