എഐ ഉച്ചകോടിക്കു തുടക്കം, പാലോട് കാട്ടാനയാക്രമണത്തിൽ മരണം, ലഹരികേസിൽ ഷൈൻ കുറ്റവിമുക്തൻ: പ്രധാനവാർത്തകൾ വായിക്കാം

Mail This Article
പാലോട് കാട്ടാനയാക്രമണത്തിൽ മധ്യവയസ്കന്റെ മരണം, 8 മാസമുള്ള കുഞ്ഞു തൊണ്ടയിൽ അടപ്പു കുടുങ്ങി മരിച്ചു തുടങ്ങി നിരവധി വാർത്തകളാൽ നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. എഐ ഉച്ചകോടിക്കു തുടക്കം, ലഹരിമരുന്നു കേസിൽ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ, മണിപ്പുരിൽ ബിരേൻ സിങ് തിരിച്ചെത്തുമോ തുടങ്ങിയവയായിരുന്നു മറ്റു വാർത്തകളിൽ ചിലത്. ഈ വാർത്തകൾ ഒരിക്കൽകൂടി വിശദമായി വായിക്കാം.
മണിപ്പുരിന്റെ മുഖ്യമന്ത്രിക്കസേരയിൽനിന്നു ബിരേൻ സിങ് രാജിവച്ചു എന്നു സാങ്കേതികമായി പറയാമെങ്കിലും പാർട്ടിക്കുള്ളിലെ അതൃപ്തി ബിരേനെ പുറത്താക്കുകയായിരുന്നു എന്നതാണ് വാസ്തവം. സംസ്ഥാന ബിജെപിക്കുള്ളിൽ ബിരേനെതിരെ രൂപപ്പെട്ട എതിർപ്പും മണിപ്പുർ കലാപത്തിന്റെ പേരിൽ പാർട്ടി കേന്ദ്രനേതൃത്വം നേരിട്ട വിമർശനങ്ങളുമാണ് മുഖ്യമന്ത്രിയുടെ രാജിയിലേക്കെത്തിച്ചത്.
തൊണ്ടയിൽ അടപ്പു കുടുങ്ങി എട്ടുമാസം പ്രായമായ കുട്ടി മരിച്ചതിൽ അസ്വാഭാവികതയെന്ന പരാതിയുമായി പിതാവ്. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണു കഴിഞ്ഞ രാത്രി മരിച്ചത്. നിസാറിന്റെ മറ്റൊരു കുട്ടി 2 വർഷം മുൻപു തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി മരിച്ചിരുന്നു. രണ്ട് കുട്ടികളും മരിച്ചതു ഭാര്യവീട്ടിൽ വച്ചാണ്.
ലഹരിമരുന്നു കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ വെറുതേ വിട്ടു. എറണാകുളം അഡിഷനൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2015 ജനുവരി 30 നാണ് കടവന്ത്രയിലെ ഫ്ലാറ്റിൽനിന്ന് ഷൈനും നാലു മോഡലുകളും പിടിയിലായത്. അറസ്റ്റിലാകുമ്പോള്‍ ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും ഫ്ലാറ്റിൽനിന്നു കൊക്കെയ്ൻ കണ്ടെടുത്തെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. എന്നാൽ കാക്കനാട്ടെ ഫൊറന്‍സിക് ലാബില്‍ രക്തസാംപിളുകൾ പരിശോധിച്ചപ്പോൾ കൊക്കെയ്ന്റെ സാന്നിധ്യമില്ല എന്നായിരുന്നു റിപ്പോർട്ട്.
ലോകത്തിന്റെ ഭാവി നിർണയിക്കുന്ന എഐ ആക്‌ഷൻ ഉച്ചകോടിക്കു പാരിസിൽ തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ എന്നിവരുടെ അധ്യക്ഷതയിൽ ചേരുന്ന ഉച്ചകോടിയിൽ 100 രാജ്യങ്ങളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും എഐ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ മക്രോ നടത്തിയ അത്താഴവിരുന്നിലും പ്രധാനമന്ത്രി മോദി പങ്കെടുത്തു.
ബത്തേരിക്കു പിന്നാലെ പാലോടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്‌കനെയാണ് കാട്ടാന ചവിട്ടിക്കൊന്ന നിലയില്‍ കണ്ടെത്തി. വെന്‍കൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തു വീട്ടില്‍ ബാബു(54)വിന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാത്രി ആറുമണിയോടെ പരിസരവാസികള്‍ കണ്ടെത്തിയത്. നാലു ദിവസമായി ബാബുവിനെ കാണാനില്ലായിരുന്നു.