റോഡ് അടച്ച് പാർട്ടി സമ്മേളനം: ഹൈക്കോടതിയിൽ ഹാജരായി എം.വി.ഗോവിന്ദൻ

Mail This Article
കൊച്ചി ∙ വഞ്ചിയൂരിൽ റോഡ് അടച്ച് സിപിഎം ഏരിയാ സമ്മേളനം നടത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഹൈക്കോടതിയിൽ ഹാജരായി. 3 ആഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാമെന്നു ഗോവിന്ദൻ അറിയിച്ചു. ഈ കേസിൽ നേരിട്ടു ഹാജരാകുന്നതിൽനിന്നു ഗോവിന്ദനെ ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുെട ബെഞ്ച് ഒഴിവാക്കി. കേസ് മാർച്ച് 3നു വീണ്ടും പരിഗണിക്കും.
വഴി തടസ്സപ്പെടുത്തി സമരം നടത്തിയ കേസിൽ സിപിഎം, സിപിഐ, കോൺഗ്രസ് നേതാക്കൾ തിങ്കളാഴ്ച കോടതിയിൽ ഹാജരായിരുന്നു. മുൻ സ്പീക്കർ എം.വിജയകുമാർ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി.ജോയി, വി.കെ.പ്രശാന്ത്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി.ജെ.വിനോദ് എംഎൽഎ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസം ഹാജരായത്. ഇനി ഹാജരാകുന്നതിൽനിന്ന് ഇവരെയും ഒഴിവാക്കിയിരുന്നു.
വഞ്ചിയൂർ, ബാലരാമപുരം, സെക്രട്ടേറിയറ്റിനു മുൻവശം, കൊച്ചിൻ കോർപറേഷൻ ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിൽ വഴിയടച്ചു സമരം ചെയ്തതിനാണു ഹൈക്കോടതി കോടതിയലക്ഷ്യ കേസ് സ്വീകരിച്ചതും കടുത്ത നടപടികളിലേക്കു കടന്നതും. സംഭവങ്ങളെക്കുറിച്ച വ്യക്തമാക്കി പൊലീസ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും റിപ്പോർട്ടിൽ ഇന്നും കോടതി അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യത്തിൽ അധിക സത്യവാങ്മൂലം നൽകാനും നിർദേശമുണ്ട്. റോഡ് അടച്ചുള്ള പരിപാടികള്‍ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നും അറിയിക്കാൻ കോടതി നിർദേശിച്ചു.