വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം, യുവാവ് കൊല്ലപ്പെട്ടു; സംഭവം ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയിൽ

Mail This Article
മേപ്പാടി∙ വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ കറുപ്പന്റെ മകൻ ബാലൻ (26) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് ഹാരിസൺ മലയാളം പ്ലാന്റേഷന്റെ തേയില എസ്റ്റേറ്റിനുള്ളിലെ വഴിയിൽ ബാലന്റെ മൃതദേഹം കണ്ടത്. അട്ടമല ഗ്ലാസ് ബ്രിജിനു സമീപത്തായാണ് മൃതദേഹം.
ഇന്നലെ രാത്രിയിൽ കാട്ടാന ആക്രമിച്ചുവെന്നാണ് വിവരം. ഇന്നലെ ചൂരൽമല അങ്ങാടിയിൽ നിന്നും വീട്ടിലേക്ക് സുഹൃത്തുക്കൾക്കൊപ്പം ബാലൻ പോയതാണ്. ഇന്നു രാവിലെ പണിക്ക് പോകാൻ എത്താത്തിനാലാണ് മറ്റുള്ളവർ ബാലനെ അന്വേഷിച്ചത്. ഇതിനിടെയാണ് വഴിയിൽ ചവിട്ടി അരയ്ക്കപ്പട്ട നിലയിൽ ബാലന്റെ മൃതദേഹം കണ്ടത്. ഉരുൾപൊട്ടലിനെ തുടർന്ന് അട്ടമല പള്ളിക്കു സമീപത്തെ എസ്റ്റേറ്റ് ക്വാർട്ടേഴ്സിലായിരുന്നു ബാലൻ താമസിച്ചിരുന്നത്.
ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയാണ് അട്ടമല. ചൂരൽമലയിൽ നിന്നുമാണ് അട്ടമലയിേലക്ക് പോകുന്നത്. ദുരന്തത്തിനു ശേഷം അട്ടമലയിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഏതാനും ആദിവാസി കുടുംബങ്ങൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഉരുൾപൊട്ടലിനു ശേഷം മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിൽ നിന്ന് ആളുകളെ പൂർണമായും മാറ്റിപ്പാർപ്പിച്ചു. ജനവാസമില്ലാതായ ഈ പ്രദേശങ്ങളിൽ പകൽ സമയത്തുപോലും കാട്ടാന എത്തുന്ന സാഹചര്യമായിരുന്നു. തേയില എസ്റ്റേറ്റുകളിലും കൃഷിയിടങ്ങളിലും വന്യമൃഗങ്ങൾ എത്താൻ തുടങ്ങിയതോടെ പലവട്ടം വനംവകുപ്പ് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിരുന്നു. ഇവിടെ നിന്നും ആളുകൾ ഒഴിഞ്ഞുപോയെങ്കിലും കൃഷിയിടങ്ങളിലും എസ്റ്റേറ്റിലും പണിയെടുക്കുന്നതിനായി പകൽ സമയത്ത് ഇവിടെ പണിക്കാർ എത്തും. വനംവകുപ്പ് വാച്ചർമാരെ ഉൾപ്പെടെ നിയോഗിച്ചിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.
ചൊവ്വാഴ്ച ബത്തേരിയിൽ ആദിവാസി യുവാവിനെ കാട്ടാന കുത്തിക്കൊന്നിരുന്നു. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനുവിനെയാണ് (45) കാട്ടാന കൊന്നത്. തിങ്കളാഴ്ച രാത്രിയാണ് മാനുവിനെ കാട്ടാന കൊന്നതെങ്കിലും ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. സമാനമായ അവസ്ഥയാണ് അട്ടമലയിലുമുണ്ടായത്. ബാലനെ കഴിഞ്ഞ രാത്രിയിലാണ് ആന കൊന്നതെന്നാണ് കരുതുന്നത്. ഇടവഴിയിലൂടെ വീട്ടിലേക്ക് പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മാനുവിനെ കാട്ടാന കൊന്നതിന് പിന്നാലെ നൂൽപ്പുഴയിൽ വലിയ പ്രതിഷേധം ഉടലെടുത്തു. ഉന്നത അധികാരികൾ സ്ഥലത്തെത്തിയ ശേഷമാണ് മൃതദേഹം സ്ഥലത്തു നിന്നും മാറ്റി പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാൻ നാട്ടുകാർ സമ്മതിച്ചത്. അട്ടമലയിലും ആളുകൾ പ്രതിഷേധം നടത്തുകയാണ്. കൂടുതൽ ആളുകൾ സ്ഥലത്തേക്ക് എത്താതിരിക്കാൻ പൊലീസ് ചൂരൽമലയിൽ തടയുകയാണ്.